തനിക്ക് സ്തനാര്‍ബുദ ബാധയെന്ന് വെളിപ്പെടുത്തലുമായി ബോളിവുഡ് താരം സൊണാലി ബെന്ദ്രെ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് സൊണാലി രോഗവിവരങ്ങള്‍ ആരാധകരുമായി പങ്കുവയ്ച്ചത്. 

'ചില സമയങ്ങളില്‍ ജീവിതത്തില്‍ അവിചാരിതമായ കാര്യങ്ങള്‍ സംഭവിക്കും. ഈയിടെ എനിക്ക് അര്‍ബുദമാണെന്ന കണ്ടെത്തി. മൂര്‍ദ്ധന്യാവസ്ഥയിലുള്ള ഈ രോഗം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് അറിഞ്ഞത്. എന്റെ കുടുംബവും സുഹൃത്തുക്കളും എനിക്കൊപ്പമുണ്ട്. എല്ലാവര്‍ക്കും നന്ദി. 

രോഗത്തെ നിയന്ത്രിക്കാന്‍ പ്രതിവിധികള്‍ ചെയ്യുക എന്നതിനേക്കാള്‍ നല്ല മാര്‍ഗങ്ങളില്ല. അതുകൊണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഞാന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ്. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഞാന്‍. എനിക്ക് കഴിയും'- സൊണാലി കുറിച്ചു. 

1994 ല്‍ പുറത്തിറങ്ങിയ ആഗ് എന്ന ചിത്രത്തിലൂടെയാണ് സൊണാലി ഹിന്ദി സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ഗോവിന്ദയും ശില്‍പാ ഷെട്ടിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. മണിരത്‌നം സംവിധാനം ചെയ്ത ബോംബെയില്‍ ഒരു നൃത്തരംഗത്തില്‍ അതിഥിയായെത്തി തമിഴ് സിനിമയിലും സൊണാലി സാന്നിധ്യമായി. കാതലാര്‍ ദിനത്തിലെ റോജ എന്ന കഥാപാത്രം പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു. സംവിധായകനായ ഗോള്‍ഡി ബേല്‍ ആണ് സൊണാലിയുടെ ഭര്‍ത്താവ്. വിവിധഭാഷകളിലായി എഴുപതോളം സിനിമകളില്‍ സൊണാലി വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ ഷോകളിലും സൊണാലി സജീവമായിരുന്നു.