കാന്‍സറിനെ നേരിടുകയാണ് സൊണാലി ബെന്ദ്രെ. ആറു മാസം നീണ്ട ചികിത്സയ്ക്കുശേഷം ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് ന്യൂയോര്‍ക്കില്‍ നിന്ന് തിരിച്ചെത്തിയത്. ശുഭാപ്തിവിശ്വാസവും നല്ല ചികിത്സയും ലഭിച്ചാല്‍ കാന്‍സറിനെ തോല്‍പ്പിക്കാനാകുമെന്ന് സൊണാലി പറഞ്ഞു. അതിജീവനത്തിനുള്ള സാധ്യത 30 ശതമാനം മാത്രമേയുള്ളൂവെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ തന്നോട് പറഞ്ഞപ്പോഴും മരണത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ലെന്ന് സൊണാലി പറയുന്നു.

ഹാര്‍പേഴ്സ് ബസാര്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കാന്‍സര്‍ ചികിത്സയുടെ വിശദാംശങ്ങള്‍ സൊണാലി പങ്കുവച്ചത്. മാഗസിന്റെ ഏപ്രില്‍ ലക്കത്തിലെ കവര്‍ ഫോട്ടോയും സോണാലിയുടേതാണ്. താന്‍ കാന്‍സര്‍ബാധിതയാണെന്ന വിവരം സോണാലി  ആരാധകരുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

'കാന്‍സറാണെന്ന് സ്ഥിരീകരിച്ചതിനുശേഷം, നിലവില്‍ ഏത് ഘട്ടത്തിലാണെന്ന് മനസിലാകുന്നത് ന്യൂയോര്‍ക്കില്‍ എത്തിയതിന് ശേഷമാണ്. ചികിത്സ ന്യൂയോര്‍ക്കിലാക്കാമെന്ന് നിര്‍ദ്ദേശിച്ചത് ഭര്‍ത്താവ് ഗോള്‍ഡി ബേലാണ്. എനിക്ക് ന്യൂയോര്‍ക്കില്‍ പോകാന്‍ താല്‍പര്യം ഉണ്ടായിരുന്നില്ല. അവിടെ എത്തിയതിന് ശേഷമാണ് അഭിപ്രായം മാറിയത്. ന്യൂയോര്‍ക്കില്‍ എത്തിയതിന്റെ പിറ്റേ ദിവസം തന്നെ ഞങ്ങള്‍ ഡോക്ടറെ കാണാന്‍ പോയി. ഒരുപാട് പരിശോധനകള്‍ നടത്തിയതിനുശേഷം ഡോക്ടര്‍ പറഞ്ഞു, അസുഖം നാലാം ഘട്ടത്തിലാണെന്ന്. അതിജീവനത്തിന് 30 ശതമാനം സാധ്യതയേ ഉള്ളുവെന്ന്'- സൊണാലി പറയുന്നു.

'പിഇറ്റി (പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി) സ്‌കാന്‍ ചെയ്തതിന്റെ വിവരങ്ങള്‍ ഡോക്ടര്‍ ഞങ്ങള്‍ക്ക് കാണിച്ചുതന്നു. അടിവയറ്റില്‍ മുഴുവന്‍ കാന്‍സര്‍ പടര്‍ന്നിരിക്കുന്നത് അതില്‍ വ്യക്തമായിരുന്നു. എന്നാല്‍ എനിക്കോ എന്റെ കുടുംബാംഗങ്ങള്‍ക്കോ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. മരണത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒരിക്കല്‍ പോലും എന്റെ മനസ്സിലേക്ക് കടന്നുവന്നില്ല. കുടുംബത്തിന്റെ പൂര്‍ണ പിന്തുണ എനിക്കുണ്ടായിരുന്നു. ഒന്നു മാത്രം ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു; രോഗവുമായുള്ള ഒരു ദീര്‍ഘമായ പോരാട്ടമാണ് ഇനിയുള്ളത്. അതില്‍ ഞാന്‍ ജയിക്കുമെന്ന് തന്നെ ഉറപ്പിച്ചു'- സൊണാലി പറഞ്ഞു.

Content Highlights: Sonali Bendre opens up on her fight with cancer treatment harpers magazine interview