പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടി സൊണാലി ബിന്ദ്രെ രംഗത്ത്. ട്വിറ്ററിലൂടയാണ് സൊണാലി ആഹ്വാനവുമായി രംഗത്ത് വന്നത്. 

ഈ സമയത്ത് നമ്മളെ കൊണ്ട് പറ്റുന്ന എല്ലാ സഹായങ്ങളും ചെയ്യണം. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു- സൊണാലി കുറിച്ചു.

ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ് സൊണാലിയിപ്പോള്‍. ന്യൂയോര്‍ക്കിലാണ് ചികിത്സ തേടിയിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് തനിക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്ന വിവരം സൊണാലി ആരാധകരുമായി പങ്കുവയ്ച്ചത്. വ്യക്തിപരമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും കേരളത്തിന് വേണ്ടി സംസാരിച്ചതിന് ആരാധകര്‍ സൊണാലിയോട് നന്ദി പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. 

ഷാരൂഖ് ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അമിതാഭ് ബച്ചന്‍, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് തുടങ്ങി നിരവധി താരങ്ങള്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് പിന്തുണയുമായി രംഗത്ത് വന്നിരുന്നു. സൗണ്ട് ഡിസൈനറും സൗണ്ട് എഡിറ്ററുമായ റസൂല്‍ പൂക്കുട്ടി സിനിമാലോകത്ത് നിന്ന് വരുന്ന സംഭാവനകള്‍ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. 

ദേശീയ മാധ്യമങ്ങള്‍ കേരളത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന ശക്തമായ ആവശ്യവും സിനിമാലോകത്ത് നിന്ന് ഉയരുന്നുണ്ട്.