കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബോളിവുഡ് താരം സൊണാലി ബിന്ദ്ര തനിക്ക് അര്‍ബുദമാണെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അര്‍ബുദം ശരീരത്തില്‍ വ്യാപിച്ചതിന് ശേഷമാണ് താന്‍ അറിഞ്ഞതെന്നും പോരാട്ടത്തില്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും സൊണാലി ആരാധകരോട് പറഞ്ഞു. ന്യൂയോര്‍ക്കില്‍ ചികിത്സയിലാണ് സൊണാലി. അര്‍ബുദത്തെ യുദ്ധം ചെയ്ത് കീഴടക്കാന്‍ കഴിയുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് താനെന്നും സൊണാലി പറഞ്ഞിരുന്നു. 

കാന്‍സറിനോടുള്ള പോരാട്ടത്തിന്  തനിക്ക് പിന്തുണയായി സുഹൃത്തുക്കളും കൂടെയുണ്ടെന്ന് ഈ സൗഹൃദദിനത്തില്‍ ആരാധകരേ  അറിയിക്കുകയാണ് സൊണാലിയിപ്പോള്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൊണാലി വിശേഷങ്ങള്‍ പറയുന്നത്. ഹൃത്വിക് റോഷന്‍ അദ്ദേഹത്തിന്റെ മുന്‍ഭാര്യ സൂസെയ്ന്‍ ഖാന്‍, ഗായത്രി ജോഷി എന്നിവര്‍ക്കൊപ്പമുള്ള വിശേഷങ്ങളും സൊണാലി പങ്കുവച്ചു.

'ഈ അവസ്ഥയില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ആളുകള്‍ എന്നെ അപരിചിതത്തോടെ ഇപ്പോള്‍ നോക്കാറുണ്ടെങ്കിലും അതൊന്നും ഞാന്‍ കാര്യമാക്കുന്നില്ല. ചില സമയങ്ങളില്‍ ഊര്‍ജസ്വലതക്കുറവും വേദനയും തോന്നാറുണ്ടെങ്കിലും ഞാന്‍ സ്‌നേഹിക്കുന്ന എന്നെ സ്‌നേഹിക്കുന്ന സുഹൃത്തുക്കൊള്‍ക്കൊപ്പം സമയം കണ്ടെത്തുന്നു. ഇവരാണ് എന്റ ശക്തി. എത്ര തിരക്കുണ്ടെങ്കിലും അതെല്ലാം എനിക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു. എല്ലാവര്‍ക്കും സൗഹൃദദിനാശംസകള്‍. ഇവരെ എല്ലാവര്‍ക്കും നിങ്ങള്‍ക്ക് അറിയാം. ഗായത്രി ജോഷി, സൂസെയ്ൻ ഖാന്‍ എന്നിവരാണ്. പിന്നെ ഈ ചിത്രമെടുത്തതിന് ഹൃത്വിക്കിന് നന്ദി'-സൊണാലി കുറിച്ചു. 

Content Highlights: sonali bendre cancer treatment friendship day goals hrithik and sussane khan