
-
നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തോടെ ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. ഇതിനിടയിൽ ബോളിവുഡിലെ സിനിമാ കുടുംബങ്ങൾക്കെതിരേ വിമർശനവുമായി രംഗത്തെത്തിയികരിക്കുകയാണ് ഗായിക സോന മോഹപത്ര.
ബോളിവുഡ് ഭരിക്കുന്ന ചില സിനിമാകുടുംബങ്ങൾക്കു മുൻപിൽ താഴ്മയോടെ നിന്നാൽ മാത്രമേ കഴിവുള്ള പല കലാകാരന്മാർക്കും അവസരങ്ങളും അംഗീകാരങ്ങളും പ്രതിഫലവും ലഭിക്കുകയുള്ളു എന്നാണ് സോന ട്വിറ്ററിൽ കുറിച്ചത്.
സോനയുടെ ഭർത്താവും സംഗീതസംവിധായകനുമായ രാം സമ്പത്തിന് കരിയറിൽ നേരിടേണ്ടി വന്ന പ്രശ്നങ്ങൾ തുറന്നു പറഞ്ഞുകൊണ്ടായിരുന്നു സോനയുടെ പ്രതികരണം. 2013 ൽ പുറത്തിറങ്ങിയ ഫുക്രി എന്ന ബോളിവുഡ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചത് രാം സമ്പത്ത് ആയിരുന്നു. അതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടെങ്കിലും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് സംഗീതം നൽകിയത് മറ്റൊരു വ്യക്തിയായിരുന്നു. ഫുക്രിയുടെ രണ്ടാം ഭാഗം കണ്ട ശേഷമായിരുന്നു സോന തന്റെ പ്രതികരണം പങ്കുവച്ചത്.
"ഫുക്രി റിട്ടേൺസ് അങ്ങനെ കണ്ടു. എങ്ങനെയാണ് പുറത്തു നിന്നുള്ളവരെ ബോളിവുഡ് സമീപിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണം. ചിത്രത്തിലെ അഭിനേതാക്കളെ ഓർത്ത് കഷ്ടം തോന്നുന്നു. വളരെ മോശമായാണ് അവരെ അവതരിപ്പിച്ചത്. കാരണം അകത്തുള്ളവർ മാത്രമേ ഇവിടെ പ്രമോട്ട് ചെയ്യപ്പെടുകയുള്ളൂ..
ഫുക്രിയിലെ ആദ്യ ഭാഗത്തിന്റേത് മികച്ച ഛായാഗ്രഹണം ആയിരുന്നു.മോഹനനായിരുന്നു ഛായാഗ്രാഹണം. രാം സമ്പത്ത് ഒരുക്കിയ മികച്ച പശ്ചാത്തലസംഗീതവും ആറ് ഗാനങ്ങളും ഉണ്ടായിരുന്നു. അത് ആവർത്തിക്കാനോ, അഭിനന്ദിക്കാനോ അർഹതയുള്ളതല്ലേ...
കഴിവുള്ളവരും കഠിനാധ്വാനം ചെയ്യുന്നവരും ക്രിയാത്മകമായ സംഭാവനകൾ നൽകാൻ കഴിവുള്ളവരുമായ കലാകാരന്മാർക്ക് അവസരങ്ങൾ ലഭിക്കണമെങ്കിൽ ബോളിവുഡിലെ സിനിമാ കുടുംബങ്ങൾക്കു മുൻപിൽ താഴ്മയോടെ നിൽക്കണം, മുട്ട് മടക്കണം. എങ്കിലും പ്രതിഫലമോ ഉയർച്ചയോ ഉണ്ടാകില്ല. ബോളിവുഡിലെ സിനിമാ കുടുംബങ്ങളുടെ സമ്മർദ്ദത്തിനു വഴങ്ങി അവർക്കു പലപ്പോഴും പലതും അനുസരിക്കേണ്ടി വരും. എല്ലാ അവാർഡുകളും ബോളിവുഡിലെ താരപുത്രന്മാർക്കും പുത്രിമാർക്കും അവകാശപ്പെട്ടതാണ്.
യജമാനന്മാർക്കു വേണ്ടി അടിമകളായവർക്ക് അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. യജമാനന്മാർ കഴിക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ അവർ നിങ്ങൾക്കായി എറിഞ്ഞു തരുന്നു. അത് കിട്ടുന്നതിനാൽ നിങ്ങൾ നന്ദിയുള്ളവരായിക്കും. ആഘോഷിക്കപ്പെടാനും പുരസ്കാരം നേടാനും പ്രതിഫലം ലഭിക്കാനും നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അത്തരമൊരു മോഹം നിങ്ങൾക്കുണ്ടെങ്കിലും അത് നടക്കില്ല. കാരണം, അവർ അതിനു സമ്മതിക്കില്ല,:സോനയുടെ ട്വീറ്റിൽ പറയുന്നു
Content Highlights : Sona Mohapatra On Nepotism In Bollywood Fukrey Movie Ram Sampath
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..