1990 കളിൽ മലയാള സിനിമയിലെ പ്രിയ നായികമാരിൽ ഒരാളായിരുന്നുസിതാര. മഴവിൽക്കാവടി, ചമയം, ജാതകം, ​ഗുരു.. തുടങ്ങിയ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റി. മലയാളത്തിന് പുറമെ തെലുങ്ക്, കന്നട, തമിഴ് സിനിമകളിലും സിതാര തിളങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിൽ മടങ്ങിയെത്തിയ സിതാര ഇന്ന് തെലുങ്കിൽ തിരക്കുള്ള നടിയാണ്. 

47 കാരിയായ സിതാര ഇന്നും അവിവാഹിതയായി തുടരുകയാണ്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് സിതാര അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ചെറുപ്രായത്തിൽ തന്നെ തനിക്ക് വിവാഹത്തോട് താൽപര്യം ഉണ്ടായിരുന്നില്ലെന്ന് സിതാര പറയുന്നു. പിന്നീട് ആ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. അച്ഛനുമായി വലിയ അത്മബന്ധമുണ്ടായിരുന്നു അതുകൊണ്ടു തന്നെ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം വിവാഹത്തിനൊന്നും താല്‍പര്യമുണ്ടായിരുന്നില്ല. ഒറ്റയ്ക്കുള്ള ജീവിതത്തിൽ ഞാൻ സന്തോഷം കണ്ടെത്തുകയായിരുന്നു- സിതാര പറയുന്നു.

അഭിനയ ജീവിതത്തില്‍ നിന്നും ഇടവേള എടുത്തതും സ്വന്തം തീരുമാനമായിരുന്നുവെന്ന് സിതാര കൂട്ടിച്ചേർ‌ത്തു. ഇന്ന് സിനിമയിൽ മാത്രമല്ല ടെലിവിഷനിലും സജീവമാണ് സിതാര. 

തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിലായിരുന്നു സിതാരയുടെ ജനനം. ഇലക്ട്രിസിറ്റി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന പരമേശ്വരൻ നായരും വത്സലയുമായിരുന്നു സിതാരയുടെ മാതാപിതാക്കൾ. വട്ടപ്പാറ ലോർഡ്സ് മൗണ്ട് സ്കൂളിലായിരുന്നു സിതാരയുടെ പ്രാഥമിക വിദ്യാഭ്യാസം. കിളിമാനൂർ ശങ്കര വിദ്യാപീഠം കോളേജിൽ നിന്നും പ്രീഡിഗ്രിയും കഴിഞ്ഞു. 1986-ൽ കാവേരി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിതാര അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് മുപ്പതിലധികം മലയാള സിനിമകളിൽ സിത്താര അഭിനയിച്ചു. 

പുതുപുതു അർത്ഥങ്ങൾ എന്ന സിനിമയിലൂടെയാണ് സിതാര തമിഴിലിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് രജനികാന്തിനൊപ്പമുള്ള പടയപ്പ അടക്കം മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. 2000 ന് ശേഷമാണ് സിതാര സിനിമയിൽ നിന്ന് മാറി നിന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത ഭാര്യ ഒന്ന് മക്കൾ മൂന്ന് എന്ന സിനിമയിലൂടെ 2009 ൽ മലയാളത്തിൽ തിരിച്ചെത്തി. ബ്ലാക്ക് ബട്ടർ ഫ്ലെെ, സെെ​ഗാൾ പാടുകയാണ് എന്നീ  മലയാള ചിത്രങ്ങളിൽ വേഷമിട്ടു.

Content Highlights: Actor Sithara reveals the reason for being unmarried, Chamayam, Jaathakam, Mazhavilkavadi