ലയാളത്തിന്റെ പ്രിയഗായിക ഡോ. വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്ന വാര്‍ത്ത ആവേശത്തോടു കൂടിയാണ് ആരാധകര്‍ ഏറ്റെടുത്തത്. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടെയും ലൈലാ കുമാരിയുടെയും മകന്‍ മിമിക്രി ആര്‍ട്ടിസ്റ്റ് എന്‍.അനൂപാണ് വരന്‍.

കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിന്റെ വ്യക്തിപ്രഭാവമാണ് തന്നെ ആകര്‍ഷിച്ചതെന്ന് വൈക്കം വിജയലക്ഷ്മി പറയുന്നു. വിജലക്ഷ്മിയുടെ ആരാധകനാണ് അനൂപ്.  വിവാഹം കഴിക്കുവാനുള്ള ആഗ്രഹം വിജയലക്ഷ്മിയോട് അനൂപ് തുറന്ന് പറയുകയായിരുന്നു.

ഇതെക്കുറിച്ച് വൈക്കം വിജയലക്ഷ്മി പറയുന്നതിങ്ങനെ...

രണ്ടു വര്‍ഷമായി അനൂപിനെ അറിയാം. ഈയിടെയാണ് വിവാഹം കഴിക്കുവാന്‍ താല്‍പര്യമുണ്ടെന്ന് പറയുന്നത്. എന്റെ സംഗീതവും ഹ്യൂമര്‍സെന്‍സും ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞു. ഞാന്‍ അച്ഛനോടും അമ്മയോടും സംസാരിച്ചു. കുടുംബംഗങ്ങള്‍ തമ്മില്‍ പരസ്പരം അറിയാം. അതുകൊണ്ട് കൂടുതലൊന്നും അന്വേഷിക്കേണ്ടി വന്നില്ല.

മിമിക്രി ആര്‍ട്ടിസ്റ്റാണ്. അദ്ദേഹത്തിന് സംഗീതവും അറിയാം. എനിക്കും മിമിക്രിയും ഇഷ്ടമാണ്. രണ്ടുപേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 

സെപ്തംബര്‍ 10 നാണ് വിവാഹനിശ്ചയം. ഒക്ടോബര്‍ 22-ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ രാവിലെ 10.30-നും 11.30-നും ഇടയ്ക്കുള്ള സമയത്ത് അനൂപ് വിജയലക്ഷ്മിയെ മിന്നുചാര്‍ത്തും. ഇന്റീരിയര്‍ ഡെക്കറേഷന്‍ കോണ്‍ട്രാക്ടര്‍ കൂടിയാണ് അനൂപ്. 

ഉദയനാപുരം ഉഷാനിവാസില്‍ വി.മുരളീധരന്റെയും വിമലയുടെയും ഏകമകളാണ് വിജയലക്ഷ്മി. ശാസ്ത്രീയ സംഗീതജ്ഞ, ഗായത്രിവീണ എന്നിവയില്‍ പ്രാഗല്‍ഭ്യം തെളിയിച്ചാണ് വിജയലക്ഷ്മി സംഗീതത്തിന്റെ പടവുകള്‍ താണ്ടിയത്. 'സെല്ലുലോയ്ഡ്' എന്ന മലയാള സിനിമയിലെ 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന്നു...' എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്രലോകത്ത് കൂടുതല്‍ ശ്രദ്ധ നേടിയത്.