വിവാഹ ജീവിതത്തിലേക്ക് ചുവടുവച്ച പ്രിയഗായിക വൈക്കം വിജയലക്ഷ്മിക്ക് ആശംസകളറിയിച്ച് നടി മഞ്ജു വാര്യര്‍. അനൂപ് കൈപിടിച്ചപ്പോള്‍ ഒരുപക്ഷേ വിജയലക്ഷ്മി മനസില്‍ പാടിക്കാണണം. 'കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിന് വേറെ'..! വിജയലക്ഷ്മിക്കും അനൂപിനും വിവാഹമംഗളാശംസകളും പ്രാര്‍ഥനകളും...മഞ്ജു ഫെയ്സ്ബുക്കില്‍ കുറിച്ചു.

vaikom

മിമിക്രി കലാകാരനായ അനൂപാണ് വൈക്കം വിജയലക്ഷ്മിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. തിങ്കളാഴ്ച്ച രാവിലെ 10.30നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം..

ഇന്റീരിയര്‍ ഡിസൈന്‍ കോണ്‍ട്രാക്റ്റര്‍ കൂടിയാണ് അനൂപ്. ഇതിന് മുമ്പ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വിജയലക്ഷ്മി പിന്‍മാറിയത് വലിയ വാര്‍ത്തയായിരുന്നു. വിവാഹശേഷം സംഗീതം ഉപേക്ഷിക്കണമെന്ന് പറഞ്ഞതിനാലാണ് വിജയലക്ഷ്മിക്ക് വിവാഹത്തില്‍ നിന്ന് പിന്മാറേണ്ടി വന്നത്. ഇതിനുശേഷമാണ് അനൂപ് ആ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്.

രണ്ടു പേരും കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പരസ്പരം പിന്തുണ നല്‍കി ജിവിതം മുന്നോട്ട് നയിക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് വിജയലക്ഷ്മി വിവാഹനിശ്ചയ സമയത്ത് പറഞ്ഞിരുന്നു.

സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിലൂടെയാണ് വിജയലക്ഷ്മി ശ്രദ്ധേയയാവുന്നത്. ഈ പാട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്‌ക്കാരം ലഭിച്ചിരുന്നു. തുടര്‍ന്നുള്ള വര്‍ഷം ഇറങ്ങിയ ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ എന്ന പാട്ടിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരവും ലഭിച്ചു. മലയാളത്തിലും തമിഴിലുമായി കൈനിറയെ അവസരങ്ങളുമായി തിരക്കിലാണ് വിജയലക്ഷ്മിയിപ്പോള്‍.

അടുത്ത വര്‍ഷം കാഴ്ച്ച ശക്തി തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് വിജയലക്ഷ്മി. ഇതിനു വേണ്ടിയുള്ള ചികിത്സയ്ക്ക് തയ്യാറെടുപ്പുകള്‍  തുടങ്ങി കഴിഞ്ഞുവെന്ന് ഈയടുത്ത് ഒരു അഭിമുഖത്തില്‍ വിജയലക്ഷ്മി വെളിപ്പെടുത്തിയിരുന്നു.

Content Highlights : Singer Vaikom vijayalakshmi married mimicry artist anoop vaikom vijayalakshmi wedding manju warrier