ഗായിക, റേഡിയോ ജോക്കി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ സുചിത്ര കാര്‍ത്തിക് 2017-ല്‍ തമിഴ് സിനിമയില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. സുചി ലീക്ക്സ് എന്ന ഹാഷ് ടാഗോടെ സുചിത്രയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍നിന്ന് സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയത് വലിയ വിവാദമായിരുന്നു. സുചിത്രയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അവര്‍ വലിയ മാനസിക സംഘര്‍ഷം അനുഭവിക്കുകയാണെന്നും വ്യക്തമാക്കി ഭര്‍ത്താവ് കാര്‍ത്തിക് രംഗത്ത് വന്നുവെങ്കിലും ദുരൂഹതകള്‍ ഇതുവരെ മാറിയിട്ടില്ല.
2017-ലെ ആ സംഭവത്തിന് ശേഷം സുചിത്ര സിനിമയിലോ സാമൂഹിക മാധ്യമങ്ങളിലോ സജീവമല്ല. ഇപ്പോള്‍ സുചിത്രയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരി സുനിത പോലീസില്‍ പരാതിപ്പെട്ടത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. സുചിത്ര കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്നും തിങ്കളാഴ്ച മുതല്‍ അവരെ കാണാനില്ലെന്നും സുനിത പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ സുനിതയ്ക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ് സുചിത്ര.
താന്‍ എവിടെയും പോയിട്ടില്ലെന്ന് വ്യക്തമാക്കിയ സുചിത്ര പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു. "ഞാന്‍ എവിടെയും പോയിട്ടില്ല. എന്നെ കാണാനില്ല എന്ന പരാതി അടിസ്ഥാനരഹിതമാണ്. മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ എന്നെ അണ്ണാ നഗറിലെ ഒരു ക്ലിനിക്കില്‍ കൊണ്ടുവിട്ടു. ക്ലിനിക്കിന്റെ പുറത്ത് സഹോദരിയും ഭര്‍ത്താവും കാത്ത് നില്‍ക്കുകയായിരുന്നു. അവര്‍ എന്നെ പുറത്ത് പോകാന്‍ പോലും അനുവദിച്ചില്ല."- സുചിത്ര പറഞ്ഞു.
നടന് ധനുഷിനെതിരെയുള്ള ഒരു ട്വീറ്റിലൂടെയാണ് സുചിത്ര വിവാദ നായികയാകുന്നത്. ചെന്നൈയില്‍ ഒരു വിരുന്നില്‍ പങ്കെടുക്കവെ ധനുഷിനൊപ്പം വന്ന ഒരാള്‍ തന്നെ ഉപദ്രവിച്ചുവെന്നും ധനുഷിന്റെ യഥാര്‍ഥ മുഖം ലോകത്തിന് മുന്‍പ് തുറന്നു കാട്ടുമെന്നും സുചിത്ര വെല്ലുവിളിച്ചിരുന്നു.
തുടര്‍ന്ന് സുചിത്രയുടെ അക്കൗണ്ടില്‍നിന്ന് പല താരങ്ങളുടെയും സ്വകാര്യ ചിത്രങ്ങള്‍ പുറത്ത് വന്നു. ആന്‍ഡ്രിയ, അനിരുദ്ധ്, ഹന്‍സിക, തൃഷ, ചിന്മയി ശ്രീപാദ എന്നിവരുടെ ചിത്രങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്. സംഭവം വിവാദമായതോടെ തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്നാണ് സുചിത്ര പറഞ്ഞത്. ഔദ്യോഗിക അക്കൗണ് മരവിപ്പിക്കുകയും ചെയ്തു. എന്നാല്‍ സുചിത്രയുടെ മാനസികാവസ്ഥ ശരിയല്ലെന്ന് ഭര്‍ത്താവ് കാര്‍ത്തിക് മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് സുചി ലീക്ക്സ് എന്ന പേരില്‍ അനവധി അക്കൗണ്ടുകളാണ് ട്വിറ്ററില്‍ മുളച്ചു പൊന്തി. പ്രശസ്തരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഈ അക്കൗണ്ടുകള്‍ വഴി വ്യാപകമായി പ്രചരിച്ചു. സുചിത്രയുടെ അക്കൗണ്ടിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇത് സംബന്ധിച്ച് സുചിത്ര സൈബര്‍ സെല്ലില്‍ പരാതി നല്‍കിയെന്ന് കാര്‍ത്തിക് പറഞ്ഞുവെങ്കിലും ഇപ്പോഴും ദുരൂഹത തുടരുകയാണ്.
Content Highlights: Singer Suchitra Karthik says she's not missing after her sister Sunitha files a complaint, suchi Leaks controversy