വാര്‍ത്തകളില്‍ സെലിബ്രിറ്റികളുടെ ചിത്രങ്ങൾ മാറിപ്പോകുന്നത് ആദ്യമായല്ല. ഇതിന്റെ പേരിൽ ചിലരെങ്കിലും വലിയ വില  നൽകേണ്ടിയും വന്നിട്ടുണ്ട്. ഇക്കുറി അങ്ങനെയൊരു അബദ്ധത്തിന് ഇരയാകേണ്ടിവന്നത് മികച്ച പിന്നണി ഗായകനുള്ള കേരള, തമിഴ്നാട് സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള പ്രശസ്ത ഗായകന്‍ ശ്രീനിവാസാണ്. ഒരു വെബ്സൈറ്റിന് വാർത്തയ്ക്കൊപ്പമുള്ള പടം മാറിയപ്പോൾ ഗായകൻ ശ്രീനിവാസ് സ്ത്രീപീഡനക്കേസിലെ പ്രതിയാണ് ആയത്. ഇതില്‍ രൂക്ഷമായി പ്രതികരിച്ച് ശ്രീനിവാസും മകള്‍ ശരണ്യയും രംഗത്തെത്തിയിരിക്കുകയാണ്. വെറുതെ ട്വിറ്ററിലൂടെ പ്രതികരിക്കുക മാത്രമല്ല, ഉത്തരവാദികളായവർക്കെതിരെ കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് ശ്രീനിവാസ്.

ഗസല്‍ ഗായകനും ഗിന്നസ് റെക്കോര്‍ഡ് ജേതാവുമായ കേസിരാജു ശ്രീനിവാസ് ലൈംഗികാതിക്രമക്കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ശ്രീനിവാസിന്റെ തന്നെ ഉടമസ്ഥതയിലുള്ള വെബ് റേഡിയോ നിലയത്തിലെ റേഡിയോ ജോക്കിയായിരുന്നു പരാതിക്കാരി. ഈ വര്‍ത്തയ്ക്കൊപ്പം നൽകിയത് വെബ്സൈറ്റ് നൽകിയത് മലയാളികള്‍ക്ക് സുപരിചിതനായ പ്രശസ്ത ഗായകന്‍ ശ്രീനിവാസിന്റെ ചിത്രം.

ശ്രീനിവാസിന് ഇത്  പുത്തരിയല്ല. നാലു വർഷം മുൻപ് പഴയകാല ഗായകൻ പി.ബി.ശ്രീനിവാസ് മരിച്ചപ്പോൾ ഒരു മാധ്യമം നൽകിയത് അന്ന് അവാർഡ് നേടി തിളങ്ങിനിൽക്കുകയായിരുന്ന ഈ ശ്രീനിവാസിന്റെ പടമായിരുന്നു. ഇതിലൊക്കെയുള്ള രോഷമാണ് ശ്രീനിവാസും മകളും ട്വിറ്ററിലൂടെ തീർത്തത്.

"വര്‍ഷങ്ങള്‍ക്ക് മുന്‍പ് സംഗീത ഇതിഹാസം പി ബി ശ്രീനിവാസ് അന്തരിച്ചപ്പോള്‍ ചില മാധ്യമങ്ങള്‍ എന്റെ ബയോഡേറ്റ എടുത്ത് ചരമ കോളം എഴുതി തയ്യാറാക്കി. ഇപ്പോള്‍ ഗായകന്‍ ശ്രീനിവാസ് ലൈംഗികാതിക്രമക്കേസില്‍ ഹൈദരാബാദ് പോലീസിന്റെ പിടിയിലായപ്പോള്‍ അവര്‍ വാര്‍ത്തയ്ക്കൊപ്പം എന്റെ ചിത്രം നല്‍കി. എന്റെ സല്‍പ്പേരിനും പ്രശസ്തിക്കും കളങ്കം വരുത്തിയതിന് ഇത്തവണ ഞാന്‍ അവര്‍ക്കെതിരെ കേസ് കൊടുക്കാന്‍ പോകുകയാണ്...ഇവിടെയുള്ള ഏതെങ്കിലും നിയമവിദഗ്ദര്‍ക്ക് എന്നെ സഹായിക്കാന്‍ സാധിക്കുമോ...ഞാന്‍ വളരെ രോഷാകുലനാണ്-ശ്രീനിവാസ് കുറിച്ചു. തനിക്കു സംഭവിച്ച നഷ്ടങ്ങൾക്കു മാപ്പു പറയണമെന്ന് പറഞ്ഞു മാധ്യമത്തിന്റെ കണ്ടന്റ് മാനേജർക്ക് ശ്രീനിവാസ് ട്വീറ്റ് ചെയ്തിട്ടുമുണ്ട്. 

srinivas

മാധ്യമത്തിനെതിരെ കടുത്ത പ്രതികരണവുമായി ശ്രീനിവാസിന്റെ മകളും ഗായികയുമായ ശരണ്യയും രംഗത്തെത്തി.

വാര്‍ത്ത നല്‍കുന്നതിന് മുന്‍പ് ഒന്ന് ഗവേഷണം നടത്തൂ.. അടുത്ത തവണയെങ്കിലും പേരുകള്‍ മാറിപോകാതിരിക്കാന്‍ ശ്രദ്ധിക്കൂ ..ഈ ലേഖനത്തിലുള്ള വ്യക്തി തികച്ചും മറ്റൊരാളാണ്. ഗസല്‍ ശ്രീനിവാസ് എന്നറിയപ്പെടുന്ന വ്യക്തിയാണ് അറസ്‌റിലായത്. അയാള്‍ ആന്ധ്രാകാരനാണ് . അതിന് പകരം നിങ്ങളെന്റെ അച്ഛന്റെ ചിത്രമാണ് പ്രസിദ്ധീകരിച്ചത്. ഇതാണ് അങ്ങേയറ്റം വെറുപ്പുളവാക്കുന്ന ദയനീയമായ മാധ്യമധര്‍മം ശരണ്യ ഫെയ്ബുക്കില്‍ കുറിച്ചു 

srinivas

Content Highlights : singer srinivas sue online media for misusing picture srinivas mistaken for sexual harrasment