ചെന്നെെ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് വീഡിയോ പുറത്തിറക്കി മകൻ എസ്.ബി.ചരൺ.  ​ഗായകന്റെ ആരോ​ഗ്യനിലയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലും മറ്റും വ്യാജവാർത്തകൾ പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം രം​ഗത്ത് വന്നത്. ​എസ്.പി.ബി ഗുരുതരാവസ്ഥയിലാണെങ്കിലും ചികിത്സയോട് പ്രതികരിക്കുന്നത് പ്രത്യാശ നൽകുന്നതാണെന്ന് എസ്.ബി.ചരൺ പറഞ്ഞു.

''അപ്പയുടെ ആരോഗ്യനില​ ​ഗുരുതരമായി തന്നെ തുടരുകയാണ്. വെന്റിലേറ്ററിൽ ചികിത്സയിലാണ്. എന്നിരുന്നാലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. ശ്വാസകോശത്തിന്റെ പ്രവർത്തനം കഴിഞ്ഞ ദിവസത്തേക്കാൾ മെച്ചപ്പെട്ടു. ഡോക്ടർമാർ അദ്ദേഹം തിരിച്ചുവരുമെന്ന ആത്മവിശ്വാസത്തിലാണ്. ഞങ്ങളും പ്രതീക്ഷയിലാണ്. തിരിച്ചുവരാൻ സമയമെടുത്തേക്കും. അപ്പയുടെ നിലയെക്കുറിച്ച് അറിയാൻ എനിക്ക് ധാരാളം കോളുകൾ വരുന്നുണ്ട്. എന്നാൽ എനിക്ക് എല്ലാത്തിനും പ്രതികരിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് ഞാനിപ്പോൾ ഒരു വീഡിയോ പുറത്തിറക്കിയത്. നിങ്ങളുടെ പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി''-  എസ്.ബി.ചരൺ പറയുന്നു. 

ചെന്നൈ അരുമ്പാക്കം നെൽസൺമാണിക്കം റോഡിലുള്ള എം.ജി.എം. ഹെൽത്ത് കെയർ ആശുപത്രിയിലാണ് എസ്.പി.ബി. ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്തത്.

video courtesy: The News Minute

Content Highlights: Singer SP Balasubrahmanyam health condition, update, covid recovery, son SPB Charan says we are expecting a slow recovery, responding to ventilator