കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ തന്നെ പോലീസ് ചോദ്യം ചെയ്തുവെന്ന തരത്തിൽ വന്ന വാർത്തയിൽ പ്രതികരണവുമായി ഗായിക റിമി ടോമി. തന്നെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്ന് റിമി ടോമി വ്യക്തമാക്കി. ഫോണിൽ വിളിച്ച് ചില വിവരങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്. കേസുമായി ബന്ധമുണ്ടായിട്ടല്ല വിളിച്ചതെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് വിളിച്ചതെന്നും റിമി മാതൃഭൂമി ന്യൂസിനെ അറിയിച്ചു.
രണ്ട് ദിവസമായി ഒരുപാട് വാര്‍ത്തകള്‍ പ്രചരിക്കുന്നത് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. താന്‍ പലരുടെയും വലം കൈയാണ്, ബിനാമിയാണ് എന്ന തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. തനിക്ക് കാവ്യയും ദിലീപുമായി യാതൊരു തരത്തിലുമുള്ള സാമ്പത്തിക ഇടപാടുകളുമില്ല.-റിമി വ്യക്തമാക്കി.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡും ഇപ്പോഴത്തെ സംഭവവുമായി യാതൊരു ബന്ധവുമില്ല. ദിലീപിനും കാവ്യയ്ക്കുമൊപ്പം ഞാനും അമേരിക്കയില്‍ സ്റ്റേജ് ഷോയ്ക്ക് പോയിരുന്നു. അത് സംബന്ധിച്ച കാര്യങ്ങള്‍ മാത്രമാണ് ചോദിച്ചത്. അമേരിക്കന്‍ യാത്രയിലുണ്ടായിരുന്ന എല്ലാവരിൽ നിന്നും വിവരങ്ങൾ ചോദിക്കുന്നുണ്ട്. റിമി വ്യക്തമാക്കി.
നടി ആക്രമിക്കപ്പെട്ട വിവരം ടെലിവിഷനിലൂടെയാണ് അറിഞ്ഞത്. ആക്രമിക്കപ്പെട്ട നടിയുമായി യാതൊരു ശത്രുതയുമില്ല. അത്തരം വാര്‍ത്തകള്‍ തെറ്റാണ്. നടി അക്രമിക്കപ്പെട്ട സംഭവം അറിഞ്ഞയുടൻ അവർക്ക് മെസേജ് അയച്ചിരുന്നു. കാവ്യ മാധവനെ ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. അതെല്ലാം സ്വാഭാവികമായി ചെയ്യുന്നതാണ്. റിമി പറഞ്ഞു. റിമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് പോലീസും വ്യക്തമാക്കിയിരുന്നു.