കൊച്ചി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവഗായിക മഞ്ജുഷ മോഹന്‍ദാസ് (26) അന്തരിച്ചു. 

ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മഞ്ജുഷ വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ച കാലടിയില്‍ വെച്ചുണ്ടായ അപകടത്തിലാണ് മഞ്ജുഷയ്ക്ക് സഹപാഠിയായ അഞ്ജനയ്ക്കും പരിക്കേറ്റത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മിനി ലോറി ഇടിക്കുകയായിരുന്നു. 

റോഡില്‍ തെറിച്ചുവീണ മഞ്ജുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഞ്ജുഷയെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എം.എ. നൃത്ത വിദ്യാര്‍ത്ഥിനിയായിരുന്നു മഞ്ജുഷ. ഐഡിയ സ്റ്റാര്‍ സിങ്ങറെന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുഷ ശ്രദ്ധ നേടുന്നത്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര സ്വദേശിനിയാണ്. പ്രിയദര്‍ശന്‍ലാല്‍ ആണ് ഭര്‍ത്താവ്