മഞ്ജരി, ഭൂപിന്ദർ സിംഗ് | ഫോട്ടോ: www.facebook.com/manjarisingerofficial/photos, പി.ടി.ഐ
അന്തരിച്ച വിഖ്യാത ഗസൽ ഗായകൻ ഭൂപീന്ദർ സിംഗിനെ ഓർമ്മിച്ച് ഗായിക മഞ്ജരി. സംഗീത സംവിധായകൻ എന്ന നിലയ്ക്കായാലും ഗായകനെന്ന നിലയിലായാലും വളരെ വ്യത്യസ്തമായ ഒരു ശബ്ദത്തിനുടമയായിരുന്നു ഭൂപീന്ദർ സിംഗ് എന്ന് അവർ പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു മഞ്ജരിയുടെ പ്രതികരണം.
"അദ്ദേഹത്തെ ഞാൻ ബോംബെയിലുള്ള സമയത്ത് നേരിട്ട് കണ്ടിട്ടുണ്ട്. ഗസൽ ഗായകൻ തലത്ത് അസീസ് സാറുമൊത്ത് ഒരുപാട് സംഗീത പരിപാടികൾ ഞാൻ ചെയ്തിട്ടുണ്ട്. അങ്ങനെയൊരു പരിപാടി കാണാൻ ഭൂപീന്ദർ സർ വന്നിരുന്നു. അദ്ദേഹത്തെ അറിയാം. സംഗീത സംവിധായകൻ എന്ന നിലയ്ക്കായാലും ഗായകനെന്ന നിലയിലായാലും വളരെ വ്യത്യസ്തമായ ഒരു ശബ്ദത്തിനുടമയായിരുന്നു ഭൂപീന്ദർ സിംഗ്". മഞ്ജരി പറഞ്ഞു.
"ഞാൻ ഹയാൽ എന്ന പ്രോഗ്രാം ചെയ്യുന്ന സമയത്താണ് ആദ്യമായി അദ്ദേഹത്തിന്റെ ഗാനം അവതരിപ്പിക്കുന്നത്. അദ്ദേഹവും ഭാര്യ മിതാലിയും ഒരുമിച്ചായിരുന്നു പ്രോഗ്രാമുകൾ ചെയ്തിരുന്നത്. അത് കാണാനും സാധിച്ചിട്ടുണ്ട്. ഇപ്പോൾ വളരെ ഷോക്കിങ് ആയ കാര്യങ്ങളാണല്ലോ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ വിയോഗം തീരെ വിശ്വസിക്കാൻ പറ്റുന്നില്ല. അടുത്തകാലം വരെ പാടിയിരുന്ന ഗായകനാണ്. ശബ്ദത്തിനൊന്നും ഒരു കുഴപ്പവുമില്ലാതിരുന്ന സമയംതന്നെയായിരുന്നു. അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്ന, ഇഷ്ടപ്പെടുന്നവർക്ക് അതൊരു വലിയ നഷ്ടം തന്നെയാണ്."
അന്നത്തെ കാലത്ത് ബോളിവുഡിൽ വന്ന ശബ്ദങ്ങളിൽ വളരെ വ്യത്യസ്തതയുള്ള ശബ്ദമായിരുന്നു ഭൂപീന്ദർ സാറിന്റേത്. അതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തിത്വവും. പാടിയതെല്ലാം ഹിറ്റായ പാട്ടുകളാണ്. ബോളിവുഡിൽ നിന്ന് മാറി സ്വതന്ത്രമായി സംഗീതം ചെയ്യാൻ തുടങ്ങിയപ്പോൾ ലളിതമായ, ജനങ്ങളിലേക്ക് എത്തിച്ചേരുന്ന ഗാനങ്ങളാണ് ചെയ്തതും. നമ്മളിവിടെ ഭാസ്കരൻ മാസ്റ്ററുടെ വരികളേക്കുറിച്ച് പറയാറുണ്ടല്ലോ. അതുപോലെയുള്ള സംഗീതമാണ് ഭൂപീന്ദർ സിങ്ങിന്റേതെന്നും മഞ്ജരി കൂട്ടിച്ചേർത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..