-
മീ ടൂ വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച വ്യക്തിയാണ് ഗായിക ചിന്മയി. മണ്‍മറഞ്ഞുപോയ അമേരിക്കന്‍ കവി പാബ്ലോ നെരൂദയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഗായിക ഇപ്പോള്‍. നെരൂദയുടെ ആത്മകഥയിലെ ചില ഭാഗങ്ങളക്കുറിച്ച് ഇന്നാണ് അറിഞ്ഞതെന്നും അദ്ദേഹത്തെ മഹത്വ്യക്തിയായി പരിഗണിക്കാനാവില്ലെന്നും ഗായിക ട്വീറ്റ് ചെയ്തിരിക്കുന്നു.
പാബ്ലോ നെരൂദയെക്കുറിച്ചുള്ള ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് ചിന്മയി ട്വീറ്റ് ചെയ്തിരിക്കുന്നത്. 1929ല്‍ നെരൂദ സിലോണിലുണ്ടായിരുന്നു. അക്കാലത്ത് അദ്ദേഹം വീട്ടിലെ തമിഴ് വംശജയായ ജോലിക്കാരിയെ ബലാത്സംഗം ചെയ്തിട്ടുണ്ട്. അതേക്കുറിച്ച് നെരൂദ തന്റെ ആത്മകഥയില്‍ പ്രതിപാദിക്കുന്നുമുണ്ട്. ഇതേക്കുറിച്ച് പറയുന്ന ഭാഗം മാത്രം പ്രശസ്തമല്ല. അദ്ദേഹത്തിന്റെ പ്രണയകാവ്യങ്ങളാണ് ആളുകള്‍ക്കിടയില്‍ ഇപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
ആത്മകഥയിലെ ആ ഭാഗങ്ങള്‍ ഇങ്ങനെ. 'പതിവു പോലെ ഒരു ദിവസം രാവിലെ ജോലിക്കാരി വന്നു. ഞാന്‍ അവളുടെ അരയില്‍ പിടിച്ച് അവളുടെ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി. അവളുടെ ഭാഷ എനിക്കറിയില്ലായിരുന്നു. താമസിയാതെ അവള്‍ സ്വയം എന്റെ മുമ്പില്‍ കീഴടങ്ങി. ഒരു ചിരി പോലുമില്ലായിരുന്നു ആ മുഖത്ത്. കിടക്കയില്‍ പരിപൂര്‍ണനഗ്നയായി അവള്‍ കിടന്നു.' ആ തമിഴ് സ്ത്രീയുടെ ശരീരത്തെയും നെരൂദ വര്‍ണിക്കുന്നുണ്ട്. 'അത് ഒരു പുരുഷനും പ്രതിമയും തമ്മിലെ സമാഗമമായിരുന്നു. അതു കഴിയുന്നതു വരെയും അവളുടെ കണ്ണുകള്‍ ഇമ വെട്ടാതെ തുറന്നു തന്നെയിരുന്നു.' നെരൂദ ആത്മകഥയില്‍ കുറിച്ചിരിക്കുന്നു.
ഇത്തരം ആളുകളെയാണ് വലിയ കവികളെന്നു പറഞ്ഞ് വാഴ്ത്തുന്നതെന്നും ഒരു നോബല്‍ സമ്മാനജേതാവിന് അദ്ദേഹത്തിന്റെ ആത്മകഥയില്‍ താന്‍ ഒരു സ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ടെന്നു ഇത്ര നിസ്സാരമായി എഴുതാമെന്ന അവസ്ഥയാണ് ഇവിടെയുള്ളതെന്നും ചിന്മയി പരിഹസിക്കുന്നു. പോസ്റ്റ് കണ്ട പലരും തങ്ങള്‍ നെരൂദക്കവിതകള്‍ വായിക്കുന്നത് നിര്‍ത്തിയെന്നും അദ്ദേഹം സ്വന്തം രോഗബാധിതനായ കുഞ്ഞിനെ ഉപേക്ഷിച്ചയാളാണെന്നും കമന്റ് ചെയ്തിരുന്നു. അതേസമയം ഇതെങ്ങനെ ബലാത്സംഗമാകുമെന്നും അവരുടെ സമ്മതത്തോടെയല്ലേ നെരൂദ അവരുടെ ശരീരത്തില്‍ തൊട്ടതെന്നുമെല്ലാമുള്ള വാദങ്ങളുമായി ചിലര്‍ രംഗത്തു വന്നിട്ടുണ്ട്.
Content Highlights : singer chinmayi tweets against world renowned poet pablo neruda sexually harrased his tamil maid
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..