ഹൈദരാബാദ്: ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

പേരിട്ടിട്ടില്ലാത്ത ഈ ചിത്രം പ്രഭാസിന്റെ കരിയറിലെ 21-ാമത്തെ ചിത്രം കൂടിയാണ്. ബോളിവുഡ് സൂപ്പർ സ്റ്റാർ ദീപിക പദുകോണാണ് ചിത്രത്തിലെ നായികയാവുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ക്രിയേറ്റീവ് മെന്റർ ആയി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനും നടനുമായ സിംഗീതം ശ്രീനിവാസ റാവു. അദ്ദേഹത്തിന്റെ 89ാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ സംവിധായകൻ നാഗ് അശ്വിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.

'ഏറെക്കാലമായി കാത്തിരുന്ന ഒരു സ്വപ്നം ഒടുവിൽ സാക്ഷാത്‌കരിക്കുന്നു. ഞങ്ങളുടെ ഇതിഹാസത്തിലേക്ക് സിംഗീതം ശ്രീനിവാസ റാവു ഗാരുവിനെ സ്വാഗതം ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സൃഷ്ടിപരമായ മഹാശക്തികൾ തീർച്ചയായും ഞങ്ങൾക്ക് വഴികാട്ടിയാവും' എന്നാണ് സിംഗീതത്തിന്റെ ജന്മദിന പോസ്റ്റർ പങ്കുവെച്ചുകൊണ്ട് പ്രഭാസ് 21 ന്റെ പ്രൊഡക്ഷൻ ഹൗസായ വൈജയന്തി മൂവീസ് ട്വിറ്ററിൽ കുറിച്ചത്.

തെലുങ്ക് സിനിമ സംവിധായകർ തങ്ങളുടെ ഗുരുവായി കാണുന്ന അദ്ദേഹം നിർമ്മാതാവ്, തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ, ഗായകൻ, ഗാനരചയിതാവ്, നടൻ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചയാളാണ്.

പരീക്ഷണാത്മക ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യൻ സിനിമയിൽ വിപ്ലവം സൃഷ്ടിക്കാൻ അദ്ദേഹത്തിനായിട്ടുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

1988 ൽ അദ്ദേഹം കമലഹാസനെ നായകനാക്കി സംവിധാനം ചെയ്ത നിശബ്ദ ചിത്രമായ പുഷ്പക വിമാനം അന്താരാഷ്ട്ര നിരൂപക പ്രശംസ നേടിയിരുന്നു. 1988 കാൻസ് ഫിലിം ഫെസ്റ്റിവൽ പ്രീമിയർ ഉൾപ്പെടെ പ്രശംസ നേടിയ ഈ ചിത്രം മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡും മികച്ച ചിത്രത്തിനുള്ള ഫിലിംഫെയർ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.

മൈക്കിൾ മദന കാമരാജൻ, അപൂർവ്വരാഗം തുടങ്ങി നിരവധി കമൽഹാസൻ ചിത്രങ്ങളും സിംഗീതം ശ്രീനിവാസ റാവു ഒരുക്കിയിരുന്നു.

വൈജയന്തി ഫിലിംസ് തങ്ങളുടെ 50ാം വാർഷിക വേളയിലാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന വൻ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.തെലുങ്കിന് പുറമേ തമിഴിലും മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും ചിത്രമെത്തും.

'മഹാനടി' എന്ന ചിത്രത്തിന് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സയൻസ് ഫിക്ഷൻ എന്റർടെയ്നറാകും. 2021 അവസാനം സിനിമയുടെ ചിത്രീകരണം തുടങ്ങും.

Content Highlights :Singeetam Srinivasa Rao joins Prabhas, Deepika Padukone in Nag Ashwin's next by Vyjayanthi Films