ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തലയണമന്ത്രം മലയാളത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ്. അതില്‍ ഉര്‍വശി അവതരിപ്പിച്ച കാഞ്ചന എന്ന കഥാപാത്രം നടിയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്.

ചിത്രത്തില്‍ ഉര്‍വശിയോട് ഇംഗ്ലീഷില്‍ സംസാരിച്ച് 'വെള്ളം കുടിപ്പിക്കുന്ന' ഒരു കൊച്ചു പെണ്‍കുട്ടിയെ ആരും മറക്കാനിടയില്ല. ആഡംബര മോഹം കൊണ്ട് നാട്ടിന്‍പുറത്തു നിന്നും നഗരത്തിലേക്ക് താമസം മാറ്റുന്ന ഉര്‍വശിയും ശ്രീനിവാസനും പുതിയതായി താമസിക്കാനെത്തുന്ന കോളനിയിലെ താമസക്കാരിയാണ് സ്‌കൂള്‍ വിദ്യര്‍ഥിനിയായ ആ പെണ്‍കുട്ടി.

ഇന്നസെന്റിന്റെയും മീനയുടെയും മകളായി ചിത്രത്തിലെത്തിയ വാശിക്കാരിയായ പെണ്‍കുട്ടിയെ അധികമാര്‍ക്കും പരിചയമില്ല. നടന്‍ ജഗന്നാഥ വര്‍മ്മയുടെ മകന്‍ മനു വര്‍മ്മയുടെ ഭാര്യയായ സിന്ധു മനു വര്‍മ്മയാണ് അത്‌. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ഗാനഗന്ധര്‍വനില്‍ സിന്ധു അഭിനയിക്കുന്നുണ്ട്. അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥിനി ആയിരുന്നെങ്കില്‍ ഇന്ന് ലക്ഷ്മിയെന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളായാണ് നടി അഭിനയിക്കുന്നത്. 

ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഓരോന്നായി പുറത്തെത്തി. ചെറുതല്ലാത്ത ഒരു കഥാപാത്രമാകുന്ന സിന്ധുവിന്റേതാണ് ഇരുപത്തിയഞ്ചാമത്തെ പോസ്റ്റര്‍.

രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് 

25/40
സിന്ധു മനു വര്‍മ്മ ....
ലൊക്കേഷനില്‍ എത്തിയപ്പോള്‍ ആളെ നല്ല പരിചയം...'തലയണമന്ത്രം' എന്ന ചിത്രത്തില്‍ കരാട്ടെകാരനായ ഇന്നസെന്റ് ചേട്ടന്റെയും മീന ചേച്ചിയുടെയും മകള്‍ ( ജാക്കിചാന്റെ ആരാധിക) ആയി അഭിനയിച്ച അതേ ആള്‍...
അന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥി ആയിരുന്നു ഇന്ന് പ്രിന്‍സിപ്പാള്‍.....
മലയാള സിനിമയ്ക്ക് സുപരിചിതനായ അനശ്വര നടന്‍ ജഗന്നാഥ വര്‍മയുടെ മരുമകള്‍ ആണ് സിന്ധു മനു വര്‍മ്മ..

sindhu

Content Highlights : Sindhu Manu Varma acts in Ramesh Pisharody's Ganagandharvan movie