കാര്‍ഗില്‍ യുദ്ധത്തില്‍ തകര്‍ന്ന ഒരു യുദ്ധവിമാനത്തിന്റെ പൈലറ്റ് പാകിസ്താന്‍ പട്ടാളക്കാരുടെ പിടിയിലാകുന്നു. കുറെ വര്‍ഷം തടവില്‍ കഴിഞ്ഞശേഷം മറ്റു രണ്ട് സഹതടവുകാര്‍ക്കൊപ്പം അയാള്‍ ജയില്‍ ചാടുന്നു.... അവിശ്വസനീയമായിരുന്നു കാട്ര് വെളിയിടെ എന്ന മണിരത്നം ചിത്രത്തിലെ ആ രംഗം. 

ഈ രംഗങ്ങള്‍ സംവിധായകന്‍ ഒരുക്കിയത് കിഴക്കന്‍ വ്യോമസേനാ കമാന്‍ഡ് മുന്‍ മേധാവി എയര്‍മാര്‍ഷല്‍ (റിട്ട) സിംഹകുട്ടി വര്‍ത്തമാന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചായിരുന്നു. എന്നാല്‍ ഇന്ന് സിംഹകുട്ടി വര്‍ത്തമാനെ രാജ്യം അറിയുന്നത് പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ പിതാവ് എന്ന നിലയിലാണ്. 

സിനിമയിലെ ഈ രംഗം തന്റെ ജീവിതത്തിലും ആവര്‍ത്തിക്കുമെന്ന് എസ്. വര്‍ത്തമാന്‍ ഒരിക്കലും ചിന്തിച്ചു കാണില്ല  കാര്‍ത്തി, അതിഥി റാവു ഹൈദാരി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ കാട്രു വെളിയിടെയില്‍ പാകിസ്താനില്‍ യുദ്ധത്തടവുകാരനാകുന്ന ഇന്ത്യന്‍ വ്യോമസേനാ പൈലറ്റിന്റെ കഥയാണ് അവതരിപ്പിച്ചത്. ഇന്ന് എസ്. വര്‍ത്തമാനോടൊപ്പം രാജ്യവും കാത്തിരിക്കുകയാണ് അഭിനന്ദന്റെ തിരിച്ചുവരവിനായി. 

ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് മണിരത്‌നം ചിത്രം ഒരുക്കിയത്. 1971 ലാണ് സംഭവം, ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ദിലീപ് പരുള്‍ക്കറാണ് യഥാര്‍ഥ സംഭവത്തിലെ വീരനായകന്‍. വിമാനം തകര്‍ന്ന് പാകിസ്താന്‍ പട്ടാളക്കാരുടെ പിടിയിലായ പരുള്‍ക്കര്‍ തന്റെ ജീവിതം ജയിലില്‍ ഒടുങ്ങുമെന്നാണ് കരുതിയത്. എന്നാല്‍ ജന്മനാട്ടിലേക്ക് തിരിച്ചുപോകണം എന്ന അയാളുടെ ആഗ്രഹം ദിനംപ്രതി വര്‍ധിച്ചുവന്നു.

ഒടുവില്‍ ഒരു വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അയാള്‍ സഹതടവുകാരായ മല്‍വിന്ദര്‍ സിംഗ് ഗ്രേവാള്‍, ഹരിഷ് സിന്‍ഹി എന്നിവര്‍ക്കൊപ്പം റാവല്‍പിണ്ടിയിലെ ജയില്‍ ചാടി. വലിയ പ്രശ്നങ്ങളൊന്നും കൂടാതെയായിരുന്നു അവരുടെ രക്ഷായാത്ര. എന്നാല്‍ ഇന്ത്യയിലെത്താന്‍ നാല് മൈല്‍ മാത്രം ശേഷിക്കേ അവര്‍ വീണ്ടും പാകിസ്താന്‍ പട്ടാളക്കാരുടെ പിടിയിലായി. ഉദ്യോഗസ്ഥര്‍ അവര്‍ ഇന്ത്യന്‍ പൈലറ്റുമാരാണെന്ന് തിരിച്ചറിയുകയും പെഷവാറിലെ യുദ്ധത്തടവുകാരുടെ ക്യാമ്പിലേക്ക് അയക്കുകയും ചെയ്തു. 

മൂന്ന് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ പാകിസ്താന്‍ പ്രധാനമന്ത്രി സുള്‍ഫിക്കര്‍ അലി ഭൂട്ടോ യുദ്ധത്തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ജയില്‍വാസമവസാനിപ്പിച്ച് വാഗാ അതിര്‍ത്തിയിലെത്തിയ പരുള്‍ക്കറിനും കൂട്ടുകാര്‍ക്കും വീരോചിതമായ സ്വീകരണമാണ് അന്ന് ജന്മനാട്ടില്‍ ലഭിച്ചത്.  

പരുള്‍ക്കറിന്റെ ജീവിതത്തെ ആസ്പദമാക്കി ഇംഗ്ലീഷ് സാഹിത്യകാരി ഫെയ്ത്ത് ജോണ്‍സ്റ്റണ്‍ രചിച്ച ഫോര്‍ മൈല്‍സ് ടു ഫ്രീഡം എന്ന പുസ്തകത്തില്‍ നിന്ന് മണിരത്നം ഈ രംഗം കടമെടുക്കുകയും കുറച്ചു വ്യത്യാസങ്ങള്‍ വരുത്തി കാട്ര് വെളിയിടൈയില്‍ പുനരവതരിപ്പിക്കുകയും ചെയ്യുകയായിരുന്നു.

Content Highlights: simhakutty varthaman father of abhinandan wing commander helped maniratnam for kaatru veliyidai