ഗൗതം വാസുദേവ് മേനോനും ചിലമ്പരശനും (സിമ്പു) വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. 'നദികളിലെയ് നീരാടും സൂരിയൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സം​ഗീതം പകരുന്നത് എ.ആർ റഹ്മാനാണ്. മൂവരും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാകുമിത്. വേൽസ് ഫിലിം ഇൻറർനാഷണലിൻറെ ബാനറിൽ ഡോ. ഇഷാരി കെ ഗണേഷ് ആണ് പുതിയ ചിത്രം നിർമ്മിക്കുന്നത്.

ചിലമ്പരശനെ നായകനാക്കി 2010 ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത 'വിണ്ണൈത്താണ്ടി വരുവായാ' മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു. തൃഷ നായികയായെത്തിയ ചിത്രം ഗൗതം മേനോൻറെയും സിമ്പുവിന്റെയും കരിയറിലെ വിജയ ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്നതാണ്.

പിന്നീട് 2016 ൽ 'അച്ചം യെൻപത് മദമയെടാ' എന്ന ചിത്രവും ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയെങ്കിലും വിണ്ണൈത്താണ്ടി വരുവായായുടെ വിജയം നേടാനായില്ല. മലയാളി താരം മഞ്ജിമ മോഹനായിരുന്നു ചിത്രത്തിൽ നായികയായെത്തിയത്.

ഈ ലോക്ഡൗൺ കാലത്ത് 'വിണ്ണൈതാണ്ടി വരുവായ' ജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗൗതം മേനോൻ ഒരുക്കിയ 'കാർത്തിക് ഡയൽ സെയ്താ യേൻ' എന്ന ഹ്രസ്വ ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു

Content Highlights :Simbu Gautham Menon A R Rahman New Movie nadikalilae neeradum suriyan