മാധവനും അനുഷ്‌ക ഷെട്ടിയും മുഖ്യവേഷങ്ങളിലെത്തുന്ന സസ്‌പെന്‍സ് ത്രില്ലര്‍ തെലുങ്ക് ചിത്രം 'നിശ്ശബ്ദ'ത്തിന്റെ ട്രെയിലര്‍ ആമസോണ്‍ പ്രൈം വീഡിയോ പുറത്തിറക്കി. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അഞ്ജലിയാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തമിഴിലും മലയാളത്തിലും സൈലന്‍സ് എന്ന പേരിലാണ് ചിത്രമിറങ്ങുക. ഹോളിവുഡ് താരം മൈക്കല്‍ മാഡ്സന്റെ ഇന്ത്യന്‍ അരങ്ങേറ്റംകൂടിയായിരിക്കും നിശ്ശബ്ദം. ശാലിനി പാണ്ഡെ, സുബ്ബരാജു, ശ്രീനിവാസ് അവസരാല എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. 

ഒരു വില്ലയില്‍ സംഭവിക്കുന്ന ഒരു ദാരുണമായ സംഭവത്തിന് ബധിരയും മൂകയുമായ ഒരു കലാകാരി സാക്ഷിയാകുന്നതുമായി ബന്ധപ്പെട്ടാണ് കഥ മുന്നേറുന്നത്. പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയിലാക്കുന്ന ത്രില്ലര്‍ ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന ഉറപ്പ്.  ടി.ജി വിശ്വപ്രസാദാണ് ചിത്രം  നിര്‍മ്മിക്കുന്നു.

ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. കൊന വെങ്കട്ട് തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാനീല്‍ ഡിയോ ആണ്. മലയാളത്തിലുള്ള വരികള്‍ എഴുതിയിരിക്കുന്നത് ബി.കെ.ഹരിനാരായണന്‍.

ചിത്രം 2020 ഒക്ടോബര്‍ രണ്ട് മുതല്‍ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്യും

Content Highlights: Silence, R Madhavan, Anushka Shetty, Malayalam New Movie Trailer