സിനിമയിലും ജീവിതത്തിലും നിരവധി പ്രണയ കഥകളിലെ നായകനാണ് തമിഴകത്തിന്റെ സ്വന്തം ചിമ്പു. പ്രണയങ്ങളും പ്രണയ പരാജയങ്ങളും വാർത്തയായിട്ടുള്ള താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള പുതിയ വാർത്തയാണ് ഇപ്പോൾ ​ഗോസിപ് കോളങ്ങളിലെ ചർച്ചാ വിഷയം. ലണ്ടൻ സ്വദേശിയായ യുവതിയുമായി ലോക്ക്ഡൗൺ തീരുന്നതോടെ ചിമ്പുവിന്റെ വിവാഹം ഉണ്ടാവുമെന്നാണ് ​വാർത്തകൾ പ്രചരിക്കുന്നത്. 

എന്നാൽ ഇതിനോട് പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ചിമ്പുവിന്റെ മാതാപിതാക്കളായ ടി.രാജേന്ദറും ഭാര്യ ഉഷ രാജേന്ദറും. തങ്ങൾ ചിമ്പുവിന് അനുയോജ്യയായ പെൺകുട്ടിക്കായുള്ള അന്വേഷണത്തിലാണെന്നും എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും ഇവർ പ്രതികരിച്ചു. 

"ചിമ്പുവിന് ജാതകമനുസരിച്ച് പൊരുത്തമുള്ള അനുയോജ്യയായ വധുവിനായുള്ള അന്വേഷണത്തിലാണ് ഞങ്ങൾ. ആ പെൺകുട്ടിയെ കണ്ടെത്തിയാൽ  അറിയിക്കുന്നതായിരിക്കും. അതുവരെ ഞങ്ങളുടെ മകന്റെ വിവാഹത്തെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്". രാജേന്ദർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. 

2019-ൽ പുറത്തിറങ്ങിയ 'വന്താ രാജാവാതാൻ വരുവേൻ' എന്ന ചിത്രത്തിലാണ് ചിമ്പു അവസാനം വേഷമിട്ടത്.  ലോക്ക്ഡൗണിനിടയിൽ ​ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ  കാർത്തിക് ഡയൽ സെയ്താൽ എൻ എന്ന ഹ്രസ്വ വീഡിയോയിൽ ചിമ്പു വേഷമിട്ടിരുന്നു. 2010-ൽ പുറത്തിറങ്ങിയ വിണ്ണൈതാണ്ടി വരുവായാ എന്ന ചിത്രത്തിന്റെ തുടർച്ചയെന്നോണം ഒരുക്കിയ ഈ വീഡിയോയിൽ തൃഷയും ചിമ്പുവും മാത്രമാണ് വേഷമിട്ടത്. ഇത് മികച്ച പ്രേക്ഷക പ്രതികരണവും നേടിയിരുന്നു.

Content Highlights : Silambarasan Chimbu To Marry London Based lady Rajendar On Rumours