പത്ത് തല സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ നടൻ ചിമ്പു | ഫോട്ടോ: twitter.com/StudioGreen2
സിനിമാ ജീവിതത്തില്‍ ഇടക്കാലത്ത് സംഭവിച്ച പ്രതിസന്ധിഘട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ചിമ്പു. തന്റെ സിനിമാ ജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായി ചിമ്പു പറഞ്ഞു. ആരാധകരുടെ പിന്തുണയും സ്വയം പ്രചോദനവും മാത്രമാണ് പുതുജീവിതം സമ്മാനിച്ചതെന്നും അദ്ദേഹം ഓര്‍മിച്ചു. തന്റേതായി റിലീസിന് തയ്യാറെടുക്കുന്ന പത്ത് തല എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.
മാനാട്, വെന്ത് തണിന്തത് കാട്, ഇപ്പോള്‍ പത്ത് തല എന്നീ സിനിമകൾ ചെയ്തപ്പോള്‍ വേദികളില്‍ സംസാരിക്കുമ്പോള്‍ മുമ്പ് വാക്കുകളിലുണ്ടായിരുന്ന ആ ഊര്‍ജം എവിടെ പോയെന്ന് പലരും ചോദിച്ചിരുന്നുവെന്ന് ചിമ്പു പറഞ്ഞു. അതിന് കാരണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പെല്ലാം സംസാരിക്കുമ്പോള്‍ നല്ല ഫയറായാണ് സംസാരിച്ചിരുന്നത്. അത് എല്ലാവരും കേട്ടിട്ടുമുണ്ടാവും. പുറത്തുനിന്ന് നോക്കുന്നവര്‍ കരുതും ഈ പയ്യന് എന്താണ് പറ്റിയത്? എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന്. സത്യത്തില്‍ വളരെ കഷ്ടത്തിലായിരുന്നു ആ സമയത്തെന്ന് ചിമ്പു ചൂണ്ടിക്കാട്ടി.
'ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു. ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ അഭിനയിക്കുന്നുണ്ട്. പെട്ടന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു. അകത്തും പുറത്തും പ്രശ്‌നം. ഇതെല്ലാം എങ്ങനെ പുറത്തുകാണിക്കാനാവും. എനിക്ക് ഞാനല്ലേ തുണയായി നില്‍ക്കാനാവൂ. ഈ പ്രശ്‌നങ്ങള്‍ മറയ്ക്കാനാണ് ഉച്ചത്തില്‍, കത്തിപ്പടരും പോലെ സംസാരിച്ചത്.' ചിമ്പു പറഞ്ഞു.
ആ സമയത്ത് ആരാധകര്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നതെന്നും താരം പറഞ്ഞു. എന്നെക്കൊണ്ട് പറ്റും എന്ന് സ്വയം പറയുന്നതുപോലെയായിരുന്നു ആ സംസാരമെല്ലാം. ഇന്ന് താന്‍ 38, 39 കിലോ കുറച്ചിട്ടുണ്ടെങ്കില്‍ ആ സ്വയം പ്രോത്സാഹനം മാത്രമാണ് ഇതിന് കാരണം. മാനാട് എന്ന സിനിമ വിജയിപ്പിച്ചതിലൂടെയാണ് പ്രേക്ഷകര്‍ തന്റെ കണ്ണീര് തുടച്ചത്. ഇനി വലുതായി സംസാരിക്കാന്‍ ഒന്നുമില്ല. ചെയ്തുകാണിക്കല്‍ മാത്രം. ഒരു തവണ ജീവിതത്തില്‍ മാറ്റം വന്നു, കഴിഞ്ഞു എന്ന് വിചാരിക്കരുത്. ഓരോ നാളും നമുക്ക് മാറ്റങ്ങള്‍ തന്നെയാണെന്നും ചിമ്പു ഓര്‍മിപ്പിച്ചു.
ഓരോ നാളും പക്വതയോടെ മുന്നേറു പോകണം. ആരാധകരെ ഇനി തലതാഴ്ത്തി നില്‍ക്കാന്‍ സമ്മതിക്കില്ല. തനിതന്മയെ ആര്‍ക്കും വിട്ടുകൊടുക്കരുത്. മറ്റൊരാള്‍ക്കുവേണ്ടി നമ്മള്‍ മാറരുത്. നിങ്ങള്‍ നിങ്ങളായിരിക്കണമെന്നും പറഞ്ഞുകൊണ്ടാണ് ചിമ്പു തന്റെ സംസാരം അവസാനിപ്പിച്ചത്.
Content Highlights: silambarasan about his difficult days, pathu thala audio launch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..