സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തി മുഖ്യമന്ത്രിപദം അലങ്കരിച്ചവര്‍ പലരമുണ്ട്. മുഖ്യമന്ത്രിക്കസേരയിലിരിക്കുമ്പോള്‍ വെള്ളിത്തിരയില്‍ മുഖം കാണിച്ചവര്‍ ഏറെയില്ല.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ക്യാമറയ്ക്ക് മുന്നിലും മുഖ്യമന്ത്രിയാവാന്‍ ഒരുങ്ങുന്നത്. സ്വന്തം പേരിലുള്ള കഥാപാത്രത്തെയാണ് സിദ്ധരാമയ്യ അവതരിപ്പിക്കുന്നത്.

കവിത ലങ്കേഷ് സംവിധാനം ചെയ്യുന്ന സമ്മര്‍ ഹോളിഡെയ്സ് എന്ന ചിത്രത്തിലാണ് സിദ്ധരാമയ്യ അഭിനയിക്കാന്‍ ഒരുങ്ങുന്നത്. അഞ്ച് കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇംഗ്ലീഷിനും കന്നഡയിലുമായി ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. 

താന്‍ ഏറെ നിര്‍ബന്ധിച്ചിട്ടാണ് മുഖ്യമന്ത്രി അഭിനയിക്കാന്‍ തയ്യാറായതെന്ന് കവിത പറഞ്ഞു. ചില ഉപാധികളോടെയാണ് അദ്ദേഹം അഭിനയിക്കാന്‍ തയ്യാറായതെന്നും കവിത പറഞ്ഞു. സിനിമയില്‍ അശ്ലീലമോ വയലന്‍സോ പാടില്ല എന്നതാണ് അഭിനയിക്കാനായി മുഖ്യമന്ത്രി മുന്നോട്ടുവച്ച നിബന്ധനകളില്‍ പ്രധാനം. സിദ്ധരാമയ്യ അഭിനയിക്കുന്ന രംഗങ്ങള്‍ വൈകാതെ ചിത്രീകരിക്കും.

കവിതയുടെ ഇളയമകള്‍ ഇഷ ഈ ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. കവിതയുടെ സഹോദരന്റെ മകന്‍ സമര്‍ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പഴയകാല നടി സുമന്‍ നഗര്‍ക്കര്‍ ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും സിനിമാരംഗത്തെത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് സമ്മര്‍ ഹോളിഡെയ്സിന്.

ചിത്രത്തിന്റെ എണ്‍പത് ശതമാനം ചിത്രീകരണം പൂര്‍ത്തിയായിക്കഴിഞ്ഞു.