സൂര്യ നായകനായ ജയ് ഭീമിലൂടെ തമിഴ്‌സിനിമയിലും അരങ്ങേറ്റം കുറിച്ച് സിബി തോമസ്. യഥാര്‍ഥ ജീവിതത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ സിബി തോമസ് ജയ് ഭീമിലും അതേ വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

Sibi Thomas actor CI Kerala police officer acted in Jai Bhim With Suriya Sivakumar trailer release

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ്ഭീമില്‍ പ്രകാശ് രാജ്, രജിഷ വിജയന്‍, ലിജോ മോള്‍, രമേഷ് റാവു, കെ. മണികണ്ഠന്‍ എന്നിവരാണ് മറ്റുതാരങ്ങള്‍. സൂര്യയും ജ്യോതികയും ചേര്‍ന്ന് നിര്‍മിച്ച ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ നവംബര്‍ 2 ന് റിലീസ് ചെയ്യും. 

ദിലീഷ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിബി തോമസ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ സിബി തോമസ് അവതരിപ്പിച്ച സബ് ഇന്‍സ്‌പെക്ടര്‍ സാജന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. പിന്നീട് ശ്രീജിത്ത് വിജയന്റെ കുട്ടനാടന്‍ മാര്‍പാപ്പയിലും പോലീസ് വേഷത്തിലെത്തി. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.

രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ തിരക്കഥാരംഗത്തും അരങ്ങേറ്റം കുറിക്കുകയാണ് ഈ പോലീസ് ഉദ്യോഗസ്ഥന്‍. കാസര്‍ഗോഡ് നടന്ന കുപ്രസിദ്ധമായ ഒരു കവര്‍ച്ചയും തുടരന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. എസ്.ഐ ആയിരിക്കെ സിബി തോമസ് അന്വേഷിച്ച ഒരു കേസും തുടര്‍ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെയാണ് ചിത്രത്തില്‍ സിബി തോമസ് തിരക്കഥാകൃത്തിന്റെ റോളിലെത്തുന്നതും.

Content Highlights: Sibi Thomas actor Circle inspector, Kerala police officer acted in Jai Bhim With Suriya Sivakumar trailer release