രു പടം വിപണിയില്‍ ഹിറ്റാവണമെങ്കില്‍ അത് പലതരം ചേരുവകള്‍ ചേർക്കേണ്ടിവരും. ഈ കൂട്ടിച്ചേര്‍ക്കലുകളിൽ സിനിമ കളങ്കപ്പെടുന്നത് സ്വാഭാവികം. സ്ത്രീവിരുദ്ധവും സമൂഹവിരുദ്ധവുമായ സംഭാഷണങ്ങളും രംഗങ്ങളും കടന്നുവരുന്നതും സാധാരണം. തിരുത്തപ്പെടേണ്ട ഇത്തരം രംഗങ്ങളുണ്ട് മലയാളത്തിലെ പല ഹിറ്റ് ചിത്രങ്ങളിലുമെന്ന് പറയുന്നു തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍. മോഹന്‍ലാല്‍ ചിത്രങ്ങളായ ദേവാസുരം, ചന്ദ്രലേഖ, രസതന്ത്രം തുടങ്ങിയവയിലെ അത്തരം വെട്ടിമാറ്റേണ്ട രംഗങ്ങളെ കുറിച്ച് ശ്യാം പറയുന്നു പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍.

ശ്യാം പുഷ്‌കരന്റെ വാക്കുകള്‍:

നീലകണ്ഠന് ഒരു ഉറപ്പ് കൊടുക്കുന്നുണ്ടല്ലോ. പേടിക്കേണ്ട, മംഗലശ്ശേരി നീലക്ണ്ഠന്റെ അച്ഛന്‍ മാധവ മേനോന്‍ അല്ലെന്നേയുള്ളൂ. യോഗ്യനായ ഒരാള്‍ തന്നെയാണ്. അതെന്നെ ഹര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിയദര്‍ശന്റെ സിനിമകളിലുമുണ്ട്. ഒരു നായരായത് കൊണ്ട് മാത്രം മോഹന്‍ലാലിന്റെ കഥാപാത്രം അങ്ങോട്ട് നോക്കാതിരുന്നത്. അപ്പോ തന്നെ മനസ്സില്‍ ഞാനാണെങ്കില്‍ അങ്ങോട്ട് നോക്കും. ഒരു പെണ്ണിന്റെ ഡ്രസ് ചെയിഞ്ച് ചെയ്യുന്ന കാര്യമാണ് സ്‌ക്രീനില്‍. അപ്പോ ഞാനെന്തുകൊണ്ട് നോക്കുന്നു. ഞാന്‍ നായരായത് കൊണ്ടല്ല ഊളയായത് കൊണ്ടാണ് അങ്ങോട്ടു നോക്കുന്നത്. അതൊക്ക വിഷമമുണ്ടാക്കിയ കാര്യങ്ങളാണ്. ഇതൊക്കെ വേണമെങ്കല്‍ തിരുത്താവുന്ന കാര്യങ്ങളാണ്. 

രസതന്ത്രത്തില്‍ ലാലേട്ടന്‍ ആശാരിയുടെ വേഷത്തില്‍ വരുമ്പോള്‍ നമുക്ക് സന്തോഷം തോന്നും. പിന്നെ കുറച്ച് കഴിയുമ്പോള്‍ പറയുന്നത് ഇതെന്റെ കുലത്തൊഴിലൊന്നുമല്ല. ഞാന്‍ ജയിലില്‍ നിന്ന് പഠിച്ചതാണെന്ന്. കുലത്തൊഴിലായാല്‍ എന്താണ് കുഴപ്പം. ഒരാള്‍ ജാതി പറയുമ്പോള്‍, മറ്റൊരാളെ ജാതി പറഞ്ഞ് വേദനിപ്പിക്കുമ്പോള്‍ എനിക്കും വിഷമം തോന്നിയിട്ടുണ്ട്. ഇതൊന്നും നമ്മുടെ കയ്യിലുള്ള കാര്യമല്ലല്ലോ. ദുല്‍ഖര്‍ സല്‍മാന്‍ പപ്പടം ഉണ്ടാക്കുന്ന ഒരാളുടെ വീട്ടിലാണ് ജനിച്ചിരുന്നതെങ്കില്‍ പപ്പടം വെയിലത്തിട്ട് ഉണക്കിയേനെ... ഇതിലൊരു പാരമ്പര്യമില്ലല്ലോ.... പാരമ്പര്യമായി രോഗങ്ങളാണ് മനുഷ്യന് കിട്ടുക.