ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ശ്യാമിന്റെ കഥാമോഷണം. യൂദാസിനെ ന്യായീകരിച്ച് ചേച്ചി എഴുതിയ കഥയാണ് ശ്യാം അടിച്ചുമാറ്റി സ്വന്തം പേരിലാക്കി കഥാമത്സരത്തിന് അയച്ചു കൊടുത്തത്. അതിന് ഒന്നാം സമ്മാനം കിട്ടുകയും ചെയ്തു. അതിന്റെ ഊര്‍ജത്തില്‍ പിന്നെ സ്വന്തമായി കഥകള്‍ എഴുതിത്തുടങ്ങുകയും ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പി.എസ്. റഫീഖിന് അനുവദിച്ച അഭിമുഖത്തിലാണ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ അവാര്‍ഡ് നേടിയ മഹേഷിന്റെ പ്രതികാരം വരെയുള്ള ശ്രദ്ധേയമായ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ ശ്യാം ഇക്കാര്യം വെളിപ്പെടുത്തിയത്.
സിദ്ധിഖ്-ലാല്‍ ചിത്രത്തിലെ സ്ക്രിപ്റ്റിങ് മനോഹരമാണ്. റാംജിറാവു സ്പീക്കിങ് പോലുള്ള സിനിമകളില്‍ ദാരിദ്ര്യമൊക്കെ വളരെ സത്യസന്ധമായാണ് അവതിപ്പിച്ചിരിക്കുന്നത്. എന്നാല്‍, അവരുടെ പില്ക്കാല സിനിമകളില്‍ തമാശ മാത്രം ബാക്കിയായി. ഇത് കണ്ട് ആവേശം കൊണ്ട് വന്നവരാണ് സിനിമയെ വഴിതിരിച്ചുവിട്ടത്.
മിമിക്രിയും സിനിമാറ്റിക് ഡാന്സുമൊന്നുമില്ലെങ്കില് എറണാകുളം പുല്ലേപ്പടിയില്‍ കുറേപ്പേരെങ്കിലും ഗുണ്ടകളായി പോകുമായിരുന്നു. സിനിമാറ്റിക് ഡാന്‍സ് ഇല്ലായിരുന്നെങ്കില്‍ വിനായകന് ആരാകുമായിരുന്നു. മിമിക്രി ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഗുണ്ടയായിപ്പോകേണ്ട ആളാണ് ഹരിശ്രീ അശോകന്.
വല്ലാതെ മനുഷ്യത്വമുള്ള ആളായിരുന്നു കലാഭവന്‍ മണി. മനുഷ്യത്വമുള്ളതുകൊണ്ടാണ് കലാഭവന്‍ അവാര്‍ഡ് കിട്ടിയില്ലെന്ന് അറിഞ്ഞപ്പോള്‍ തല കറങ്ങി വീണത്. വിനായകന് പക്ഷേ, കുറച്ച് കൂടി സൊസൈറ്റിയെ അറിയാം-ശ്യാം അഭിമുഖത്തില്‍ പറഞ്ഞു.
ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമൂടിനെയും പ്രധാന കഥാപാത്രങ്ങളാക്കി ദിലീഷ് പോത്തന് ഒരുക്കുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ് ശ്യാം തിരക്കഥയെഴുതി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..