ദിലീപിനെയും അനു സിത്താരയെയും നായികാ നായകന്മാരാക്കി വ്യാസന്‍ കെ.പി സംവിധാനം ചെയ്ത ശുഭരാത്രിയെ പ്രശംസിച്ച് നടി മാലാ പാര്‍വതി. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശുഭരാത്രിയെന്ന് മാലാ പാര്‍വതി പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഭിനയിക്കുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകന്റെ മനസ്സില്‍ കുടിയിരുത്താറുള്ള നടന്‍ സിദ്ദിഖ് ശുഭരാത്രിയിലെ മുഹമ്മദിനേയും നമ്മുടെ മനസ്സില്‍ കുടിയിരുത്തുന്നുണ്ടെന്നും മാലാ പാര്‍വതിയുടെ കുറിപ്പില്‍ പറയുന്നു
മാല പാർവതി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ്
ശുഭരാത്രി കണ്ടു..
സുന്ദരമായ ലോകം നശിപ്പിച്ചിട്ട് അറിയാത്ത സ്വര്‍ഗത്തില്‍ പോയി ഹൂറികളോടൊപ്പം കഴിയാന്‍ നടത്തുന്ന യുദ്ധത്തെ അല്ല മറിച്ച് സ്‌നേഹവും സഹാനുഭൂതിയും കാരുണ്യവും കൊണ്ട് ഭൂമിയില്‍ എന്നും ഇരുപത്തേഴാം രാവിന്റെ പുണ്യം നിറയ്ക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.ഇത് പറഞ്ഞു തരികയാണ് 'ശുഭരാത്രി' എന്ന ചിത്രത്തിലൂടെ. സിദ്ദിഖ് സര്‍ അവതരിപ്പിക്കുന്ന മുഹമ്മദിന്റെ കഥയാണ് ഈ ചിത്രം.. അസഹിഷ്ണുതകളുടെയും ക്രൂരതകളുടെയും കഥകള്‍ കേട്ടു മടുത്ത മനസ്സുകള്‍ക്ക് ആശ്വാസമാണ് ശ്രീ വ്യാസന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ശുഭരാത്രി. അതിഭാവുകത്വങ്ങള്‍ ഒന്നും ഇല്ലാതെ സത്യസന്ധമായി കഥ പറഞ്ഞിരിക്കുന്നു. എടുത്തു പറയേണ്ടത് അഭിനേതാക്കളെ തന്നെയാണ്.
സിദ്ദിഖ് സര്‍ പതിവ് പോലെ കഥാപാത്രത്തിന്റെ മനസ്സ് കാട്ടിത്തരുന്നു. മുഹമ്മദിന്റെ മനസ്സ് തെളിനീര് പോലെയാണ്. സിദ്ദിഖ് എന്ന നടന്‍ ആ കഥാപാത്രത്തിന്റെ ചിന്തകളും, വിഹ്വലതകളും എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക് പകര്‍ന്നുതരുന്നത്. പറവ, ഉയരെ, ആന്‍ഡ് ദി ഓസ്‌ക്കാര്‍ ഗോസ് ടു, തുടങ്ങി അഭിനയിക്കുന്ന കഥാപാത്രങ്ങളെ എല്ലാം പ്രേക്ഷകന്റെ മനസ്സില്‍ കുടിയിരുത്താറുള്ള ഈ നടന്‍ മുഹമ്മദിനേം നമ്മുടെ മനസ്സില്‍ കുടിയിരുത്തുന്നുണ്ട്. മുഹമ്മദ് എന്ന പുണ്യാത്മാവ് വെളിച്ചമായി നമ്മില്‍ നിറയുന്നത് ആ കഥാപാത്രത്തെ അത്ര വിശ്വസനീയമാക്കിയത് കൊണ്ടാണ്.
സായി കുമാര്‍, നെടുമുടി വേണു ,ഇന്ദ്രന്‍സ് ഇവര് മൂന്നു പേരും അവതരിപ്പിച്ച കഥാപാത്രങ്ങളും മറക്കില്ല. ദിലീപ്, അനു സിതാര എന്നിവരാണ് ഈ ചിത്രത്തിന്റെ കഥാഗതിയെ മാറ്റുന്നത്.സിനിമ കഥ പറഞ്ഞ് പോകുമോ എന്ന ഭയത്താല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
നാദിര്‍ ഷാ, ശാന്തി കൃഷ്ണ, ആശാ ശരത്, ശ്വാസിക മണികണ്ഠന്‍ , ഷീലു തോമസ്, സുധി കോപ്പ, കെ.പി.എ.സി ലളിത ചേച്ചി തുടങ്ങി ധാരാളം നടി നsന്‍മാരുണ്ട്. എല്ലാവരും അവരവരുടെ വേഷം ഭംഗിയാക്കി. ഒതുക്കത്തില്‍ പറഞ്ഞിരിക്കുന്ന ഒരു കുഞ്ഞു കഥ. ലൈലത്തുല്‍ ഖദ്ര്‍ പോലെ നമ്മുടെ ഉള്ളില്‍ വെളിച്ചമാകുന്ന ചിത്രം.
Content Highlights : shubharathri Movie Vyasan KP Dileep Anu Sithara Mala Parvathy Praises shubharathri
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..