
Shruthi Ramachandran, Francis
ഇത്തവണത്തെ മികച്ച ഡബ്ബിങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടി ശ്രുതി രാമചന്ദ്രനെ കുറിച്ച് ഭർത്താവ് ഫ്രാൻസിസ് തോമസ് ട്വിറ്ററിൽ പങ്കുവച്ച ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത കമല എന്ന ചിത്രത്തിൽ നായികാ കഥാപാത്രത്തിന് ശബ്ദം നൽകിയതിനാണ് ശ്രുതിയെ തേടി പുരസ്കാരമെത്തിയത്.
ആർകിടെക്റ്റും അഭിനേത്രിയുമായ ശ്രുതി ഡബ്ബിങ് ആർട്ടിസ്റ്റ് ആയ കഥയാണ് ഫ്രാൻസിസ് പങ്കുവയ്ക്കുന്നത്.
"എന്റെ ഭാര്യ മികച്ച വനിതാ ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള അമ്പതാമത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി . ഇത് അവിശ്വസനീയമായ നേട്ടമാണ്, അതിനൊരു കാരണവുമുണ്ട്. ശ്രുതി ഒരു ആർക്കിടെക്ടാണ്. ബാഴ്സലോണയിലെ പ്രശസ്തമായ ഐഎഎസി സ്കൂളിൽ നിന്ന് മാസ്റ്റേഴ്സ് ഓഫ് സസ്റ്റെയിനബിൾ ഡിസൈനിൽ ക്ലാസ്സോട് കൂടെ ബിരുദം നേടിയ വ്യക്തിയാണ്. രസകരമായ കാര്യമെന്തെന്നാൽ അവൾ ഒരു ഡബ്ബിങ്ങ് ആർടിസ്റ്റ് അല്ല, നടിയാണ്. പിന്നെങ്ങനെ അവൾക്ക് ഈ പുരസ്കാരം ലഭിച്ചു. നല്ല ചോദ്യം.
കഴിഞ്ഞ വർഷം, അവൾ അഭിനയിച്ച ‘പ്രേതം’ എന്ന സിനിമയുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ അവളെ ഒരു സഹായത്തിനായി വിളിച്ചു. അദ്ദേഹം എഡിറ്റിംഗ് പൂർത്തിയാക്കിയ പുതിയ ചിത്രം ‘കമല’യിൽ മലയാളം സംസാരിക്കാനറിയാത്ത നായികയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യാൻ ഒരാളെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. അദ്ദേഹം പലരെും സമീപിച്ചു. പ്രൊഫഷണൽ ഡബ്ബിങ്ങ് ആർടിസ്റ്റുകളേയും ചില താരങ്ങളേയും ഉൾപ്പടെ. പക്ഷേ അദ്ദേഹത്തിന് തൃപ്തിയായില്ല. ഒന്ന് ശ്രമിച്ചു നോക്കാമെന്ന് കരുതി ശ്രുതി സ്റ്റുഡിയോയിലെത്തി ചില സംഭാഷണങ്ങൾ പറഞ്ഞു കേൾപ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടപ്പെട്ടു. വെറും രണ്ട് ദിവസത്തിനുള്ളിൽ സിനിമയുടെ ഡബിങ്ങും പൂർത്തിയാക്കി. അവൾ ആ കാര്യമെല്ലാം അതോടെ മറന്നു.
ഏതാണ്ട് ഒരു വർഷത്തിന് ശേഷം ഒരു വൈകുന്നേരം അവളുടെ ഫോണിലേക്ക് കോളുകൾ വന്ന് നിറയാൻ തുടങ്ങി. പലയിടത്തു നിന്നും ആളുകൾ അവളെ അഭിനന്ദിക്കാനായി വിളിക്കുന്നു. സംസ്ഥാന പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചിരിക്കുന്നു. അവളുടെ പേരും അതിലുണ്ട്. അവളാകെ ആശയക്കുഴപ്പത്തിലായി. ആരോ കളിപ്പിക്കാൻ വിളിക്കുന്നതാണെന്ന് കരുതി കുറേ കോളുകൾ അവൾ അവഗണിച്ചു. പിന്നീട് അവളുടെ അമ്മൂമ്മ വിളിച്ചപ്പോഴാണ് അവൾക്കത് വിശ്വസിക്കാനായത്.
അവളോട് പറയാതെ സംവിധായകൻ അവളെ പുരസ്കാരത്തിനായി നാമനിർദേശം ചെയ്തിരുന്നു. അവൾ വിജയിച്ചു. ഇന്നായിരുന്നു പുരസ്കാര ദാനം. അവളെ ആ വേദിയിൽ കണ്ടപ്പോൾ ഇത് ഒരു അവസാനമായിരിക്കില്ലെന്ന് എനിക്ക് ഉറപ്പായി. അവൾ ഒരു മികച്ച നടി മാത്രമല്ല. സിനിമയുടെ സഹ-രചയിതാവ് കൂടിയാണ്. ഇനി ഏത് വിഭാഗത്തിലാകുമെന്ന് എനിക്ക് അറിയില്ല. എന്നാൽ ഒരു കാര്യം ഉറപ്പാണ്. നിങ്ങൾ അവളെ ശ്രദ്ധിക്കുന്നതാണ് നല്ലതാണ്.” ഫ്രാൻസിസ് കുറിക്കുന്നു.
2014ൽ പുറത്തിറങ്ങിയ ഞാൻ എന്ന സിനിമയിൽ സുശീല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രുതി സിനിമാ രംഗത്ത് എത്തിയത്.പിന്നീട് പ്രേതം, സൺഡേ ഹോളിഡേ, ചാണക്യതന്ത്രം, നോൺസെൻസ്, അന്വേഷണം, ഡിയർ കോമ്രേഡ് തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2016 ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ സുഹൃത്ത് ഫ്രാൻസിസിനെ ശ്രുതി വിവാഹം ചെയ്യുന്നത്. തമിഴിൽ പുറത്തിറങ്ങിയ പുത്തൻ പുതു കാലൈ എന്ന ആന്തോളജി ചിത്രത്തിലെ ഇളമൈ ഇദോ ഇദോ എന്ന കഥ എഴുതിയത് ശ്രുതിയും ഫ്രാൻസിസും ചേർന്നാണ്.
Content Highlights : Shruthi Ramachandran Best Dubbing Artist Kerala State Awards Husband Francis thomas Tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..