കൊറോണ രോഗലക്ഷണങ്ങളുള്ള തന്റെ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് നടി ശ്രിയ ശരൺ. കഴിഞ്ഞ ദിവസമാണ് ശ്രിയയുടെ ഭർത്താവും റഷ്യൻ സ്വദേശിയുമായ ആൻഡ്രിയ കൊസ്ചീവ് പനിയും ചുമയുമായി ആശുപത്രിയിലെത്തിയത്. കൊറോണ വെെറസ് ആകെ ഉലച്ച സ്പെയിനിലാണ് ഇരുവരുമിപ്പോൾ താമസിക്കുന്നത്. 

ആശുപത്രിയിൽ എത്തിയപ്പോഴുണ്ടായ ഭീകരമായ അനുഭവം തുറന്ന് പറയുകയാണ് ശ്രിയ. 

ആശുപത്രിയിൽ ചെന്നപ്പോൾ ഡോക്ടർമാർ ഞങ്ങളോട് വളരെ വേഗം തന്നെ അവിടെ നിന്ന് പോകാൻ പറഞ്ഞു. കൊറോണ ബാധിച്ചിട്ടില്ലെങ്കിൽ ഇവിടെ നിന്ന് പകരാൻ സാധ്യതയുണ്ട് എന്നാണ് അവർ പറഞ്ഞത്. തുടർന്ന് വീട്ടിൽതന്നെ ഐസോലോഷനിൽ കഴിയാൻ തീരുമാനിച്ചു. വീട്ടിലിരുന്ന് തന്നെയാണ് ചികിത്സയും എടുത്തത്. വെവ്വേറെ മുറികളിൽ കിടന്നുറങ്ങുകയും പരസ്പരം അകലം പാലിക്കുകയും ചെയ്തു. ഭാഗ്യത്തിന് ഇപ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ മെച്ചപ്പെട്ടു.

ഏകദേശം ഒരു മാസമായി ഞങ്ങൾ ഇവിടെ ലോക്ക്ഡൗണിലാണ്. ഇവിടുത്തെ സ്ഥിതി വളരെ മോശമാണ്. തെരുവുകളെല്ലാം വിജനമാണ്. പുറത്ത് എന്താണ് സംഭവിക്കുന്നത് എന്നറിയില്ല. രാത്രി എട്ടുമണിക്ക് ഇവിടെ എല്ലാവരും ബാൽക്കണിയിൽ എത്തി കയ്യടിച്ച് പാട്ട് പാടും. അത് മാത്രമാണ് ഒരാശ്വാസം-ശ്രീയ പറയുന്നു.

Content Highlights: Actor Shriya Saran husband Andrei Koscheev turned away from hospital despite coronavirus symptoms, spain covid 19