ഒടിയന്റെ വേഷത്തില്‍ പൊതുപരിപാടിയില്‍ പങ്കെടുത്ത് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. കൊച്ചിയില്‍ നടന്ന എയര്‍ടെല്‍ ഒടിയന്‍ സിം പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീകുമാര്‍ മേനോന്‍ മോഹൻലാൽ ചെയ്ത ഒടിയന്‍ മാണിക്യന്റെ വേഷത്തിൽ കരിമ്പടം പുതച്ചെത്തിയത്. വീണ് താടിയെല്ല് പൊട്ടി മുഖംചുറ്റി പ്ലാസ്റ്ററിട്ടിരിക്കുന്നതിനാലാണ് തലമൂടി ഒടിയന്‍ ലുക്കില്‍ എത്തിയതെന്ന് സംവിധായകന്‍ പറഞ്ഞു.

ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കവേ നവംബര്‍ 17നാണ് മുംബൈ വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ നിന്ന് വീണ് ശ്രീകുമാര്‍ മേനോന് പരിക്കേറ്റത്. ഏതാനും ദിവസം വിശ്രമമിക്കേണ്ടി വന്നതൊഴിച്ചാല്‍ പരിക്ക് സിനിമയുടെ വര്‍ക്കിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒടിയന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ണമായും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തില്‍ ചെന്നെയിലും മുംബൈയിലുമായാണ് പുരോഗമിക്കുന്നത്. ഇതിനോടൊപ്പം പോസ്റ്റര്‍ ഡിസൈന്‍ മുതലുളള സിനിമയുടെ പ്രമോഷന്റെ ഭാഗമായുളള ജോലികളും ശ്രീകുമാര്‍ മേനോന്റെ മേല്‍നോട്ടത്തിലായിരുന്നു നടന്നിരുന്നത്. സിനിമയുടെ അവസാനഘട്ട ജോലികള്‍ പൂര്‍ത്തിയാക്കാനിരിക്കെയായിരുന്നു അപകടം. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഒടിയന്‍ ഡിസംബര്‍ 14 നാണ് ലോകമെമ്പാടുമുളള തിയ്യറ്ററുകളിലെത്തുക. 

Content Highlights : shrikumar menon odiyan release Mohanlal Shrikumar Menon met with accident undergoes surgery