മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ശ്രാവണ്‍ റാത്തോഡ്(66) അന്തരിച്ചു. കോവിഡ് സ്ഥിരീകരിച്ച് അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.15ഓടെയാണ് മരണപ്പെട്ടത്.

മാഹിമിലെ എസ്.എല്‍ റഹേജ ആശുപത്രിയിലാണ് ശ്രാവണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. മകനും സംഗീത സംവിധായകനുമായ സഞ്ജീവ് റാത്തോഡാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. പിതാവിന്റെ ആത്മാവിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് സഞ്ജീവ് ട്വിറ്ററില്‍ കുറിച്ചു. 

സംഗീത സംവിധായക ജോടിയായ നദീം-ശ്രാവണ്‍ കൂട്ടുകെട്ടിലെയാളാണ് ശ്രാവണ്‍ റാത്തോഡ്. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് അദ്ദേഹം. 1990ല്‍ പുറത്തിറങ്ങിയ ആഷിഖി എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധ പിടിച്ചുപറ്റിയത്. 

ദില്‍ ഹേ കീ മാന്‍താ നഹീ, സാജന്‍, സഡക്, ദീവാനാ, പരദേസ്, ആഷിഖി, കസൂര്‍, രാസ്, ബര്‍സാത് തുടങ്ങിയ സിനിമകളിലെ ഹിറ്റ് ഹാനങ്ങളാണ് നദീം-ശ്രാവണ്‍ സഖ്യത്തെ ഹിന്ദി ചലച്ചിത്രലോകത്ത് പ്രിയപ്പെട്ടവരാക്കിയത്.