സിനിമാ മേഖലയിൽ നിലനിൽക്കുന്ന പുരുഷാധിപത്യത്തെ പരിഹസിച്ച് നടി ശ്രദ്ധ ശ്രീനാഥ്. ബോളിവുഡ് നടൻ വരുൺ ധവാന്റെ വിവാഹച്ചിത്രം പങ്കുവച്ചാണ് ശ്രദ്ധയുടെ പരിഹാസം. ഇക്കഴിഞ്ഞ ജനുവരി 25നായിരുന്നു വരുണും പ്രണയിനി നടാഷ ദലാലും വിവാഹിതരായത്.

വിവാഹം കഴിഞ്ഞതോടെ വരുണിനെ മറ്റ് നടിമാർക്കൊപ്പം അഭിനയിക്കാൻ ഭാര്യ നടാഷയും വീട്ടുകാരും സമ്മതിക്കില്ലെന്നും വരുണിന്റെ കരിയർ തീർന്നുവെന്നുമായിരുന്നു ഇരുവരുടെയും വിവാഹ ചിത്രം പങ്കുവച്ച് ശ്രദ്ധ കുറിച്ചത്.

"മറ്റൊരു നല്ല നടൻ കൂടി പൊടി പിടിച്ചിരിക്കാൻ പോകുന്നു. അദ്ദേഹത്തെ വീണ്ടും സ്ക്രീനിൽ കാണാൻ കഴിയില്ല എന്നതിൽ സങ്കടമുണ്ട്. ഇനി മറ്റ് നായികമാർക്കൊപ്പം വരുൺ അഭിനയിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മാതാപിതാക്കൾക്കും ഇഷ്ടപ്പെടില്ലെന്ന് ഉറപ്പാണ്. ഒരുപക്ഷേ അദ്ദേഹം ഇനി പുരുഷ കേന്ദ്രീകൃതമായ സിനിമകൾ മാത്രമേ ചെയ്യുള്ളൂ ? പക്ഷേ വ്യക്തിജീവിതവും ജോലിയും എങ്ങനെ ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകും. കഠിനമാണ്. അദ്ദേഹത്തെ ശരിക്കും മിസ് ചെയ്യും. അഭിനന്ദനങ്ങൾ, വരുൺ” എന്നാണ് ശ്രദ്ധ കുറിച്ചത്.

വിവാഹം കഴിയുന്നതോടെ അഭിനയത്തിൽ നിന്നും വിട്ടു നിൽക്കാനും നായകൻമാരുമായി അടുത്തിടപഴകാത്ത കഥാപാത്രങ്ങൾ മാത്രം ചെയ്യാനും നിർബന്ധിതരാകുന്ന പല നായികമാരുടെയും അവസ്ഥയെ മുൻനിർത്തിയാണ് ശ്രദ്ധയുടെ പരിഹാസ പോസ്റ്റ്. ഇതിന് പിന്നാലെ വിമർശനങ്ങളുമായെത്തിയവർക്കും താരം മറുപടി നൽകി.

Shraddha Srinath slams patriarchy Varun Dhawan and Natasha Dalal Wedding

"പുരുഷാധിപത്യത്തെ പരിഹസിച്ച് ഞാൻ ഇന്നലെ ഒരു കുറിപ്പെഴുതിയിരുന്നു. ലിംഗഭേദം ഒന്ന് മാറ്റിയെന്നേയുള്ളൂ. നിങ്ങൾക്ക് അത് തമാശയായി തോന്നിയല്ലേ? വിവാഹശേഷം ഒരു നടൻ അഭിനയത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞപ്പോൾ നിങ്ങൾക്കത് അസംബന്ധമായി തോന്നി. എന്നാൽ ഇതേ ധാരണ ഒരു അഭിനേത്രിയെക്കുറിച്ചാണെങ്കിൽ നിങ്ങൾക്കെന്താണ് അത് അസംബന്ധമായി തോന്നാത്തത്." ശ്രദ്ധ കുറിക്കുന്നു.

Content Highlights: Shraddha Srinath slams patriarchy in a funny way, Varun Dhawan and Natasha Dalal Wedding