അമലാ പോൾ നായികയായെത്തിയ തമിഴ് ചിത്രം ആടൈ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നുവെന്ന് റിപ്പോർട്ടുകൾ. ശ്രദ്ധ കപൂറാണ് നായികയായെത്തുന്നത്. തമിഴ് പതിപ്പ് സംവിധാനം ചെയ്ത രത്നകുമാർ തന്നെയാണ് ചിത്രം ഹിന്ദിയിൽ ഒരുക്കുകയെന്നും ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുമെന്നും കങ്കണ നായികാ കഥാപാത്രമായെത്തുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ നിർമാതാവ് അരുൺ പാണ്ഡ്യൻ ഇത് സത്യമല്ലെന്ന് വ്യക്തമാക്കിയിരുന്നു.

2019 ജൂലായ് 19 നാണ് ആടൈ പുറത്തിറങ്ങിയത്. കുറെയധികം ചിത്രങ്ങളും അതിലെല്ലാം സമാന കഥാപാത്രങ്ങളും മുമ്പിലെത്തിത്തുടങ്ങിയപ്പോൾ അഭിനയം നിർത്താൻ ഒരുങ്ങിനിന്ന തന്നെ സിനിമയിൽ പിടിച്ചുനിർത്തിയ ചിത്രമാണ് ആടൈ എന്ന് അമല പോൾ പല അഭിമുഖങ്ങളിലൂടെയായി വെളിപ്പെടുത്തിയിട്ടുണ്ട്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ചില രം​ഗങ്ങൾക്കെതിരേ വിവാദവും ഉയർന്നിരുന്നു.

നഗ്നത കാണിച്ച് സിനിമ വിൽക്കുന്നുവെന്ന ആരോപണമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരേ ചിലർ രംഗത്ത് വന്നിരുന്നു. അമലക്കെതിരേയും സാമൂഹിക മാധ്യമങ്ങളിൽ ഒട്ടനവധി പേർ രംഗത്തുവന്നു.

ത്രില്ലർ ചിത്രമായ ആടൈയുടെ ടീസർ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതായെത്തുകയു ചെയ്തു. ഫസ്റ്റ്ലുക്ക് പുറത്തിറങ്ങിയത് മുതൽ ആടൈ വലിയ ചർച്ചയായിരുന്നു. അതുകൊണ്ട് ടീസറിനും വലിയ വരവേൽപ്പാണ് ലഭിച്ചത്. ആടൈയിൽ അഭിനയിക്കാൻ പല മുൻനിര നായികമാരെയും സംവിധായകൻ സമീപിച്ചിരുന്നു. എന്നാൽ അവരെല്ലാം വേഷം നിരസിക്കുകയും ഒടുവിൽ കഥാപാത്രം അമലയെ തേടിയെത്തുകയും ചെയ്തു.

Conten Highlights :Shraddha Kapoor to star in Hindi remake of Amala Pauls tamil movie Aadai