ദിലീപിനെ കുടുക്കുവാനുള്ള സംവിധായകന്റെ തട്ടിപ്പാണ് രണ്ടാമൂഴമെന്ന് പി.സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ഒടിയന്‍ സിനിമയുടെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ശ്രീകുമാര്‍ മേനോന്‍  നേരിടുന്ന സാഹചര്യത്തിലാണ് സംവിധായകനെതിരെ പേരു പറയാതെയുള്ള ആരോപണം. ഷോണിന്റെ പിതാവായ പി.സി ജോര്‍ജ് ശ്രീകുമാര്‍ മോനോനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലുള്ളതായിരുന്നു ഷോണിന്റെ വാക്കുകള്‍. തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷോണ്‍ ഇതിനെ പറ്റി പറയുന്ന വീഡിയോ പുറത്ത് വിട്ടത്.

ഷോണിന്റെ വാക്കുകള്‍

'ഇന്നത്തെ വലിയ  പടത്തിന്റെ വലിയ സംവിധായകനെ കുറിച്ച് ഞാന്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെയുണ്ട്' എന്ന അടിക്കുറിപ്പോടെയുള്ള വീഡിയ പങ്കുവെയ്ക്കുകയായിരുന്നു ഷോണ്‍.
ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാവുമ്പോള്‍ പി.സി ജോര്‍ജ് പറഞ്ഞിരുന്നു ഇതിന്റെ പുറകില്‍ വലിയ സംവിധായകനുണ്ട്. ദിലീപിനെതിരെ ഗൂഡാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്ത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്ന് പറയപ്പെടുന്ന ബ്രഹ്മാണ്ഡ ചിത്രം രണ്ടാംമൂഴം ഒരു കള്ള കഥയാണ്. അതൊരിക്കലും നടക്കാന്‍ പോവുന്നില്ല.

ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി ജോര്‍ജ് അന്ന് പറഞ്ഞിരുന്നു.. അത് ഇന്ന് എം.ടി സാറും ശരിവച്ചിരിക്കുകയാണ്. ഈ പ്രോജക്റ്റ് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.
ഞാന്‍ പേരു പറയുന്നില്ല നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാതല്ല. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയത് ഈ സംവിധായകന്‍ തന്നെയാണെന്ന യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്ത് വരും.

Content Highlights: shone george against sreekumar menon ,odiyan movie, randamoozham movie, M.T Vaasudevan nair, P. c george, actress abduction case