സഞ്ജയ് റൗട്ട്, ദീപികാ പദുക്കോൺ | ഫോട്ടോ: പി.ടി.ഐ
മുംബൈ: പഠാൻ സിനിമ, ഉർഫി ജാവേദ് വിഷയങ്ങളിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത്. പഠാനും ഉർഫി ജാവേദിനുമെതിരെ ബി.ജെ.പി നിരന്തരം പ്രതിഷേധിക്കുന്നത് യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളെ അകറ്റി നിർത്താനാണെന്ന് അദ്ദേഹം പറഞ്ഞു. ശിവസേനാ മുഖപത്രമായ സാമനയിലെഴുതിയ ലേഖനത്തിലാണ് സഞ്ജയ് റാവത്ത് ഇക്കാര്യങ്ങൾ പറഞ്ഞത്.
ബി.ജെ.പി സദാചാര പോലീസായി എത്തിയില്ലായിരുന്നെങ്കിൽ ഉർഫി ജാവേദിനെ ആരും അറിയില്ലായിരുന്നെന്ന് സഞ്ജയ് റാവത്ത് എഴുതി. മോശം വസ്ത്രധാരണത്തിന്റെ പേരിൽ ഉർഫി ജാവേദിനെതിരെ ബി.ജെ.പി നേതാവ് ചിത്രാ വാഗ് പരാതി നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തിൽ പോലീസ് ഉർഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇത്തരത്തിൽ വസ്ത്രം ധരിക്കുന്നത് ശിക്ഷാർഹമായ കുറ്റമൊന്നുമല്ല എന്ന് ഉർഫി ചിത്രാ വാഗിന് മറുപടിയും നൽകിയിരുന്നു.
ദീപികാ പദുക്കോണിനെതിരെ ബി.ജെ.പി നടത്തുന്ന പ്രതിഷേധത്തിനെതിരെയും റാവത്തിന്റെ ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. കാവി ബിക്കിനി മാത്രമാണോ ദീപിക പദുക്കോണിനെതിരെയുള്ള ദേഷ്യത്തിന് കാരണമെന്ന് അദ്ദേഹം ചോദിക്കുന്നു. ദീപിക ജെ.എൻ.യുവിൽ പോയി വിദ്യാർഥികളുടെ പ്രതിഷേധത്തെ പിന്തുണച്ചു. ഇത് ബി.ജെ.പിയെ ചൊടിപ്പിച്ചു. ഇപ്പോൾ അവർ ദീപികയുടെ ബിക്കിനിയുടെ പേരിൽ പ്രശ്നമുണ്ടാക്കുന്നു. അദ്ദേഹം എഴുതി.
"ദീപികയ്ക്കെതിരെ പ്രതിഷേധിക്കുന്ന അവസരത്തിലും കാവിവസ്ത്രം ധരിച്ച പല ബി.ജെ.പി നേതാക്കളും സംസ്കാരശൂന്യമായ പലതും ചെയ്യുന്നു. പഠാനിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് വെട്ടിക്കളഞ്ഞു. ബി.ജെ.പിക്കാരായ ആളുകളാണ് സെൻസർ ബോർഡിലുള്ളത്"- സഞ്ജയ് റാവത്ത് പറഞ്ഞു.
Content Highlights: shiv sena mp sanjay raut slamming bjp, pathaan and urfi javed issues
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..