ചാലക്കുടി: മനുഷ്യരാശിയുടെ പ്രശ്‌നങ്ങളെപ്പറ്റി മുപ്പതിൽപ്പരം രാജ്യങ്ങളിൽ ഡോക്യുമെന്ററി നിർമിക്കുകയും, പത്ത്‌ അന്തർദേശീയ അവാർഡുകൾ നേടുകയും ചെയ്ത ഷൈസൺ പി. ഔസേപ്പ്‌ ഹോളിവുഡിൽ സംവിധായകസ്ഥാനം ഉറപ്പിക്കുന്നു.

ലോകമതങ്ങളിലെ സമാധാനാശയങ്ങളെ ഗാനരൂപത്തിൽ കോർത്തിണക്കുകയാണ്‌ ‘ഇന്റർഫെയ്ത്ത് ദ മ്യൂസിക്കൽ’ (Interfaith the Musical) എന്ന പുതിയ ഡോക്യുമെന്ററിയിലൂടെ ഷൈസൺ. ആറ്‌ രാജ്യങ്ങളിൽനിന്നുള്ള പത്ത്‌ ആർട്ടിസ്റ്റുകളാണ് ഇതിൽ പാടിയിരിക്കുന്നത്. ഹോളിവുഡിലാണ് ഇതിന്റെ ചിത്രീകരണം.

അമേരിക്കയിൽ ഷൈസൺ സംവിധാനം ചെയ്‌ത പ്രകൃതിസ്‌നേഹത്തെപ്പറ്റിയുള്ള ‘പ്ലയ അസൂൽ - ഐ ലവ് യു’ (Playa Azool - I Love you ) മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഈ ഡോക്യുമെന്ററിക്ക് അമേരിക്കൻ ഇൻഡിപെൻഡന്റ് അവാർഡും ലഭിച്ചു. ഡോക്യുമെന്ററി എന്ന മാധ്യമത്തിലൂടെ ജനനന്മയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തി, യുണൈറ്റഡ് നേഷൻസിന്റേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി.

മോതിരക്കണ്ണിയിലുള്ള പെരുമ്പുള്ളിക്കാടൻ ഔസേഫിന്റെയും അമ്മിണിയുടെയും മൂത്തമകനായ ഷൈസൺ ഇപ്പോൾ മുംബൈയിൽ സ്ഥിരതാമസക്കാരനാണ്‌. മുംബൈ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഫിലിം ആൻഡ്‌ ടെലിവിഷൻ കോഴ്‌സ് പ്രധാനാധ്യാപകനുമാണ്.

Content Highlights: shison p Ousep documentary director to debut in Hollywood,