ഷൈൻ ടോം ചാക്കോ
ജയിലിൽ കിടന്ന നാളുകളേക്കുറിച്ചും അതിനെ എങ്ങനെ മറികടന്നെന്നും കോക്പിറ്റ് സംഭവത്തേക്കുറിച്ചും വിശദീകരിച്ച് നടൻ ഷൈൻ ടോം ചാക്കോ. ജയിലിൽക്കിടന്ന സമയത്ത് തനിക്കിനി സിനിമകൾ കിട്ടില്ലെന്ന് വിചാരിച്ചിരുന്നതായി അദ്ദേഹം ഓർത്തെടുത്തു. ക്ലബ് എഫ്എമ്മിന്റെ സ്റ്റാർ ജാമിലായിരുന്നു ഷൈൻ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
ജയിലിൽക്കിടന്ന സമയത്ത് ഇനി സിനിമകൾ കിട്ടില്ലെന്ന് വിചാരിച്ചിരുന്നു. പക്ഷേ മനസ് തന്നെ ആശ്വസിപ്പിച്ചിരുന്നത് നല്ല വൃത്തികെട്ട റോളുകളുണ്ടാവും, അത് കിട്ടും എന്നാണ്. തന്റെ ചുറ്റുപാട് വെച്ച് കിട്ടാവുന്ന ഏറ്റവും മോശം സ്വഭാവമുള്ള കഥാപാത്രമായിരുന്നു ഇഷ്ഖിലേത്. ഇത്രയും സ്പേസ് ഉള്ള ഒരു തിരക്കഥ അന്നുവരെ കേട്ടിട്ടില്ല. ഒരുപാട് നാളത്തെ കഥയല്ല അത്. ഒരു രാത്രിയിൽ നടക്കുന്ന കഥ വളരെ വിശദമായി പറയുകയാണ്. ആ കഥാപാത്രമാണ് ഇവിടെ വരെ എത്തിച്ച ഇന്ധനമെന്ന് ഷൈൻ പറഞ്ഞു.
'ജയിലിൽ വെച്ച് പൗലോ കൊയ്ലോയുടെ ഒരു പുസ്തകം വായിച്ചതിലൂടെ എന്റെ ഇല്ലാതായ പ്രതീക്ഷ ചെറുതായി ഉണ്ടായിത്തുടങ്ങി. അറുപത് ദിവസമുണ്ടായിരുന്നു അവിടെ. 2019 ആയി ആ അനുഭവങ്ങളെ ഒന്ന് മറികടക്കാൻ. നല്ല റോളുകൾ മാത്രമല്ല, വൃത്തികെട്ട റോളുകളും സിനിമയിലുണ്ടാവും എന്നായിരുന്നു സ്വയം പ്രചോദിപ്പിക്കാൻ പറഞ്ഞുകൊണ്ടിരുന്നത്. സിനിമയേക്കുറിച്ച് ഇതായിരുന്നു ചിന്ത. യഥാർഥ ജീവിതത്തേക്കുറിച്ചൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. മറ്റ് ആശങ്കകളും ഉണ്ടായിരുന്നില്ല.' അദ്ദേഹം വ്യക്തമാക്കി.
ഏറെ വിവാദമായ കോക്പിറ്റ് സംഭവത്തേക്കുറിച്ചും ഷൈൻ മനസുതുറന്നു. പറത്താനറിയുന്നവരാണോ ഇത് പറത്തുന്നതെന്ന് പരിശോധിക്കാനാണ് വിമാനത്തിന്റെ കോക്പിറ്റിനകത്ത് കയറാൻ നോക്കിയതെന്ന് താരം പറഞ്ഞു. കാശ് കൊടുക്കുന്നതല്ലേ? എയർ ഇന്ത്യ നമ്മൾ ഇന്ത്യയുടേതാണെന്നല്ലേ വിചാരിക്കുന്നത്? കോക്പിറ്റിനകത്ത് കയറിയപ്പോഴാണ് നമ്മളൊക്കെ അന്യരാണെന്ന് മനസിലാവുന്നത്. പൈലറ്റ് തലചുറ്റിയെങ്ങാനും കിടക്കുകയാണെങ്കിൽ വെള്ളം തളിക്കണ്ടേ? അപ്പോൾ കയറാൻ പാടില്ല എന്നും പറഞ്ഞ് എല്ലാവരും പുറത്തുനിന്നാൽ മതിയോ? പൈലറ്റല്ലാത്ത ആളുകളൊക്കെ അതിനകത്ത് കയറിയിരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവർക്കൊന്നും ഒരു പ്രശ്നവും ഇല്ലല്ലോ എന്നും ഷൈൻ ചോദിച്ചു.
Content Highlights: shine tom chacko interview, shine tom chacko about his jail days and cockpit controversy
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..