നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായതാണ് ബോളിവുഡിലെ ചര്‍ച്ചാവിഷയം. രാജ് കുന്ദ്രയ്ക്കും ശില്‍പ്പയ്ക്കുമെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്ന വേളയില്‍ സൈബര്‍ ആക്രമണങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്.

രാജ് കുന്ദ്രയുടെ പഴയ ട്വീറ്റുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാചകങ്ങളുമെല്ലാം ട്രോളുകളില്‍ നിറയുകയാണ്. 'ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് ജീവിതം' എന്നാണ് കുന്ദ്രയുടെ ട്വിറ്റര്‍ ബയോയില്‍ പറയുന്ന സന്ദേശം. നീലചിത്രങ്ങള്‍ നിര്‍മിക്കുക എന്നതാണോ കുന്ദ്ര പറയുന്ന ആ ശരിയായ തീരുമാനമെന്ന് ട്രോളുകള്‍ ചോദിക്കുന്നു. ആ തീരുമാനത്തിന് ഇപ്പോള്‍ വില കൊടുക്കാറായില്ലേയെന്നും ട്രോളുകളില്‍ പറയുന്നു.

LIFE IS ABOUT MAKING RIGHT CHOICES

അതോടൊപ്പം 2012 ൽ കുന്ദ്ര പങ്കുവച്ച മറ്റൊരു ട്വീറ്റും ചർച്ചയാവുകയാണ്. നീലച്ചിത്രങ്ങളും
ലൈംഗികത്തൊഴിലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് കുന്ദ്രയുടെ ട്വീറ്റ്. 'നീലച്ചിത്രങ്ങളും
ലൈംഗികത്തൊഴിലും. ക്യാമറയിലൂടെയുള്ള ലൈംഗികതയ്‌ക്ക് പണം നൽകുന്നത് നിയമപരമാവുന്നത് എന്തുകൊണ്ട്? ഒരെണ്ണം മറ്റൊന്നിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു ?'

മറ്റൊരു ട്വീറ്റ് ഇത്തരത്തിലാണ്.. 'ഇന്ത്യയിൽ സിനിമ താരങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, ക്രിക്കറ്റ് താരങ്ങൾ രാഷ്ട്രീയം കളിക്കുന്നു, രാഷ്ട്രീയക്കാർ നീലച്ചിത്രങ്ങൾ കാണുന്നു, നീലച്ചിത്ര താരങ്ങൾ സിനിമാ താരങ്ങളുമാകുന്നു..'

kundra Tweets


‌‌‌മുംബൈ പോലീസാണ് കുന്ദ്രയെ അറസ്റ്റു ചെയ്തത്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ പോലീസ് പ്രസ്താവനയിൽ അറിയിച്ചു. നീലച്ചിത്ര നിർമാണവും ആപ്പുകളിലൂടെ അവ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് കുന്ദ്ര അറസ്റ്റിലായത്.

content highlights : Shilpa Shettys Husband Raj Kundra arrest for creating pornographic contect old tweets gets trolled