കന്റെ പിറന്നാളിന് വൃദ്ധസദനത്തില്‍ ഭക്ഷണം വിതരണം ചെയ്തതിന്റെ പേരില്‍ നേരിട്ട പരിഹാസത്തിന് ശക്തമായ മറുപടിയുമായി നടി ശില്‍പ ഷെട്ടി.

മകന്‍ വിയാന്റെ ആറാം പിറന്നാളിന് ഭര്‍ത്താവ് രാജ് കുന്ദ്ര, അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കൊപ്പമാണ് ശില്‍പ മുംബൈയിലെ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് പുവർ എന്ന വൃദ്ധസദനത്തിൽ എത്തി അന്തേവാസികള്‍ക്ക് പഴങ്ങളും മധുരപലഹാരങ്ങളും അടങ്ങുന്ന അത്താഴം നല്‍കിയത്. ഈ സേവനപ്രവര്‍ത്തനത്തിന്റെ വീഡിയോ ശില്‍പ തന്റെ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

വൃദ്ധസദനമായ ലിറ്റില്‍ സിസ്റ്റേഴ്സ് ഓഫ് ദി പുവറിലെ പാരമ്പര്യം അനുസരിച്ചാണ് ഞങ്ങള്‍ അത്താഴം നല്‍കിയത്. അവിടെ വളരെ കുറച്ച് അതിഥികള്‍ മാത്രമാണ് എത്താറുള്ളത്. അതുകൊണ്ട് തന്നെ ആരെങ്കിലും സന്ദര്‍ശിക്കാനെത്തുമ്പോള്‍ അവരുടെ മുഖത്ത് വിരിയുന്ന സന്തോഷം വിലമതിക്കാനാവാത്തതാണ്. ഈ അനുഗ്രഹം കൊണ്ടല്ലാതെ മറ്റെന്തുകൊണ്ടാണ് മകന്റെ പിറന്നാള്‍ ആഘോഷം തുടങ്ങേണ്ടത്. നിങ്ങളുടെ ആനുഗ്രഹങ്ങള്‍ക്കും ആശംസകള്‍ക്കുമെല്ലാം നന്ദി. എന്ന് വീഡിയോയ്ക്കൊപ്പം കുറിക്കുക കൂടി ചെയ്തു ശില്‍പ.

എന്നാല്‍, ആരാധകരെല്ലാവരും തന്നെ ഇതിനെ അത്ര നല്ല മനസ്സോടെയല്ല സ്വീകരിച്ചത്. ചിലരെങ്കിലും കടുത്ത രീതിയിലാണ് ശില്‍പയെ പരിഹസിച്ചതും വിമര്‍ശിച്ചതും.

എന്തിനാണ് ഇങ്ങനെ വിലകുറഞ്ഞ പഴങ്ങള്‍ കൊടുക്കുകയും അതിന് ഇന്‍സ്റ്റഗ്രാമിലൂടെ പ്രചാരം കൊടുക്കുകയും ചെയ്യുന്നത്. ഈ പൊങ്ങച്ചം അവസാനിപ്പിക്കൂ.. എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഇതിനെതിരേയാണ് ശില്‍പ രൂക്ഷമായി പ്രതികരിച്ചത്. നിങ്ങള്‍ ഇങ്ങനെ ചിന്തിക്കുന്നത് സങ്കടകരമാണ്. പിന്നീട് ഞങ്ങള്‍ നേരിട്ടു തന്നെ അവര്‍ക്ക് ഒരു വലിയ അത്താഴം നല്‍കിയിരുന്നു. ഇതുപോലെ സഹായം ആവശ്യമായ സ്ഥലങ്ങളിലേയ്ക്ക് കൂടുതല്‍ സഹായം എത്തിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതിനുവേണ്ടിയാണ് ഞാന്‍ അതിന്റെ വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് ഞങ്ങളുടെ പാരമ്പര്യമാണ്. ഞങ്ങളുടെ രക്ഷിതാക്കള്‍ വര്‍ഷങ്ങളായി ഞങ്ങളെ ഇവിടേയ്ക്ക് കൊണ്ടുവരാറുണ്ടായിരുന്നു. ഞാന്‍ എന്റെ മകനിലൂടെ അത് തുടരുകയാണ്. പൊങ്ങച്ചം കാണിക്കുകയായിരുന്നില്ല എന്റെ ഉദ്ദേശം-ശില്‍പ മറുപടി നല്‍കി.

ശില്‍പയുടെ ഈ മറുപടിക്ക് വലിയ പിന്തുണയാണ് ഇന്‍സ്റ്റഗ്രാമില്‍ ലഭിച്ചത്. നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാം. അതുകൊണ്ട് ഇത്തരക്കാര്‍ക്ക് മറുപടി കൊടുക്കേണ്ട ആവശ്യമൊന്നുമില്ല. സ്നേഹവും കാരുണ്യവും പ്രകടിപ്പിക്കാവുന്ന ഏറ്റവും നല്ല രീതിയാണിത്-ഇങ്ങനെ പോവുന്നു അനുകൂല കമന്റുകള്‍.

Content Highlights: shilpa shetty sons birthday celebrated in poor home viaan