മുംബൈ: നീലച്ചിത്ര നിര്‍മാണ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയുടെ വസതിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങളെന്ന് റിപ്പോര്‍ട്ട്. ജുഹുവിലെ ആഡംബര വസതിയില്‍ നടന്ന റെയ്ഡില്‍ പോലീസിനൊപ്പം രാജ് കുന്ദ്രയും എത്തിയിരുന്നു. പോലീസ് തിരച്ചില്‍ ആരംഭിച്ചപ്പോള്‍ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടി വികാരാധീനയായി. എന്തിനാണ് ഇവിടെ തിരച്ചില്‍ നടത്തുന്നതെന്ന് ചോദിച്ച് ശില്‍പ, രാജ് കുന്ദ്രയോട് കയര്‍ത്തു. പിന്നീട് പൊട്ടിക്കരഞ്ഞു. കുടുംബത്തിന്റെ മാനം നഷ്ടപ്പെട്ടുവെന്നു ശില്‍പ്പ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസുമായി ബന്ധപ്പെട്ട് ശില്‍പ്പയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നീലച്ചിത്രങ്ങളല്ല രാജ്കുന്ദ്ര നിര്‍മിച്ചതെന്നും ഇറോട്ടിക് ചിത്രങ്ങളാണെന്നും ശില്‍പ മൊഴി നല്‍കി.

മുംബൈ ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തിത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി പേര്‍ പരാതി നല്‍കിയെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പോലീസ് വ്യക്തമാക്കി.ഈ വര്‍ഷം ഫെബ്രുവരിയില്‍ കേസുമായി ബന്ധപ്പെട്ട് നടന്‍ ഗെഹാന വസിഷ്ഠിനെയും മറ്റ് ചിലരെയും മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് രാജ് കുന്ദ്രയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. 

അനധികൃത ആപ്പുകളിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. രാജ് കുന്ദ്രയ്ക്ക് ലണ്ടനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു നിര്‍മാണ കമ്പനിയുണ്ട്. ഈ കമ്പനിയുടെ മറവിലാണ് നീലച്ചിത്രങ്ങള്‍ നിര്‍മിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. രാജ് കുന്ദ്രയും സുഹൃത്ത്  പ്രദീപ് ബക്ഷിയുടെയും ഉടമസ്ഥതയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളും തെളിവാണ്. കോടികളുടെ സമ്പാദ്യമാണ് നീലച്ചിത്രങ്ങളില്‍നിന്ന് ഇരുവരും നേടിയതെന്നും പോലീസ് പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, സ്ത്രീകളുടെ മോശമായി ചിത്രീകരിക്കുന്നത് തടയുന്നതിനുള്ള നിയമം, അശ്ശീല ഉള്ളടക്കം തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലുള്ള വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. കുന്ദ്രയുമായി ബന്ധമുള്ള ഒരു സ്റ്റാര്‍ട്ട്അപ്പ് സംരംഭത്തിലെ ജോലിക്കാരനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര മൊഴി നല്‍കിയത് പ്രകാരമാണ് അയാളെ അറസ്റ്റ് ചെയ്തത്.

Content Highlights: Shilpa Shetty shouted at Raj Kundra during house raid Raj Kundra arrest