മുംബൈ: നീലച്ചിതനിര്‍മാണ കേസില്‍ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിന് ശേഷം ആദ്യമായി ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയുമായി ശില്‍പ്പ ഷെട്ടി. അമേരിക്കന്‍ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ജെയിംസ് തര്‍ബറിന്റെ പുസ്തകത്തിലെ ഏതാനും വരികളാണ് ശില്‍പ്പ പങ്കുവച്ചിരിക്കുന്നത്. 

"കോപത്തോടെ പിന്നിലേക്കും ഭയത്തോടെ മുന്നോട്ടും നോക്കരുത്. എന്നാല്‍ ചുറ്റുമുള്ളതിനെക്കുറിച്ച് ബോധമുണ്ടായിരിക്കണം.

നമ്മളെ വേദനിപ്പിച്ചവരെയും നേരിട്ട അനുഭവത്തെയും കോപത്തോടെയായിരിക്കും നാം ഓര്‍ത്തെടുക്കുക. ജോലി പോകുമോ, പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ തുടങ്ങി ഒട്ടേറെ ഭയങ്ങളോടെയാണ് നാം മുന്നോട്ട് പോകുന്നത്. നമ്മള്‍ എവിടെയാണോ അവിടെ ഉണ്ടായിരിക്കുക. ഇനി എന്തെന്നോ എങ്ങനെയെന്നോ ആശങ്കപ്പെടുന്നതില്‍ അര്‍ഥമില്ല. എന്നാല്‍ അതെക്കുറിച്ച് വ്യക്തത ഉണ്ടായിരിക്കണം.

ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്‌ ഭാഗ്യമായി കരുതി ദീര്‍ഘനിശ്വാസം എടുക്കുന്നു. മുന്‍കാലത്തെ വെല്ലുവിളികളെ നേരിട്ടത് പോലെ ഭാവിയിലെ വെല്ലുവിളികളെയും നേരിടും. ഇന്നത്തെ എന്റെ ജീവിതത്തെ മറ്റൊന്നിനും മാറ്റാന്‍ കഴിയുന്നില്ല."- ഇതായിരുന്നു പുസ്തകത്തിലെ ഭാഗം.

ജൂലൈ 19-നാണ്വ്യവസായിയായ രാജ് കുന്ദ്രയെ  മുംബൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 4-ന് രജിസ്റ്റര്‍ ചെയ്ത കേസ് ഒടുവില്‍  രാജ് കുന്ദ്രയിലേക്ക് എത്തുകയായിരുന്നു. രാജ് കുന്ദ്രയും കൂട്ടാളികളും നീലച്ചിത്രനിര്‍മാണത്തില്‍നിന്ന് കോടികള്‍ സമ്പാദിച്ചുവെന്നാണ് പോലീസ് പറയുന്നത്. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നും പോലീസ് പറയുന്നു.

Content Highlights: Shilpa Shetty's First Post After Raj Kundra's Arrest on surviving challenges