ബോളിവുഡ് നടി ശിൽപ ഷെട്ടിയ്ക്ക് അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. വാടക ​ഗർഭധാരണത്തിലൂടെയായിരുന്നു പെൺകുഞ്ഞിന്റെ ജനനം. സമിഷ ഷെട്ടി കുന്ദ്ര എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞിനായി എന്തുകൊണ്ട് വാടക ​ഗർഭധാരണം എന്ന വഴി തിരഞ്ഞെടുത്തു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശിൽപ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശിൽപയുടെ വെളിപ്പെടുത്തൽ.

"വിയാന് ശേഷം ഒരു കുഞ്ഞ് കൂടി വേണമെന്ന് ഒരുപാട് നാളായി ആ​ഗ്രഹിക്കുന്നതാണ്. പക്ഷേ ശരീരത്തിലെ രോ​ഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന ആന്റിഫോസ്ഫോലിപിഡ് സിൻഡ്രോം (Antiphospholipid syndrome -APLA)എന്നെ  വേട്ടയാടാൻ തുടങ്ങി. ഓരോ തവണ ​ഗർഭിണി ആവുമ്പോഴും ആ അസുഖം വില്ലനായി മാറി. പല തവണ അബോർഷൻ സംഭവിച്ചു. 

വിയാനെ ഒറ്റക്കുട്ടിയായി വളർത്താൻ എനിക്കാ​ഗ്രഹമില്ലായിരുന്നു. കാരണം എനിക്കൊരു സഹോദരിയുണ്ട്, അതിനാൽ തന്നെ സഹോദരങ്ങൾ വേണ്ടതിന്റെ പ്രാധാന്യം എന്താണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ട് ദത്തെടുക്കുന്നതിനെ കുറിച്ച വരെ ഞങ്ങൾ ആലോചിച്ചു. പക്ഷേ അപ്പോഴാണ് ദത്തെടുക്കുന്നതിനും ചില പ്രശ്നങ്ങൾ വരുന്നത്. എന്നിട്ടും നാല് വർഷത്തോളം ഞങ്ങൾ കാത്തിരുന്നു. വല്ലാത്ത അവസ്ഥയായിരുന്നു അത്. ഒടുവിലാണ് ഈ മാർ​ഗം സ്വീകരിക്കുന്നത്. 

അഞ്ച് വർഷമായി രണ്ടാമത്തെ കുഞ്ഞിനായി ശ്രമിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് ഇവളെ ഞങ്ങൾക്ക് ലഭിക്കുന്നത്.  ഫെബ്രുവരിയിലാണ് ‍ഞങ്ങൾ വീണ്ടും അച്ഛനമ്മമാരാവാൻ പോവുന്ന വിവരം അറിയുന്നത്". 

ദൈവതുല്യം എന്നാണ് സമിഷ എന്ന വാക്കിന് അർഥമെന്നും അവളാണ് ഇപ്പോൾ തങ്ങളുടെ കുടുംബത്തെ പരിപൂർണമാക്കിയതെന്നും ശിൽപ പറയുന്നു.

Content Highlights : Shilpa Shetty on why she chose surrogacy For Samisha Shetty Kundre