നീലച്ചിതനിര്‍മാണ കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്ര അറസ്റ്റിലായത് ബോളിവുഡിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെ ശിൽപയ്ക്കും കുന്ദ്രയ്ക്കുമെതിരേ വിമർശനങ്ങളും സൈബർ ആക്രമണങ്ങളും ട്രോളുകളും ശക്തമായിരുന്നു. ഈ പ്രശ്നങ്ങൾക്കിടയിലാണ് ശിൽപ 13 വർഷത്തിന്ശേഷം മുഴുനീള വേഷത്തിലെത്തുന്ന ഹം​ഗാമ 2 പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. 

കുന്ദ്രയുടെ അറസ്റ്റും അനുബന്ധ വിഷയങ്ങളും ചിത്രത്തിന്റെ പ്രദർശനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് അഭ്യർഥിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ‌ ശിൽപ. 

"യോഗയുടെ അനുശാസനങ്ങളിലാണ് ഞാന്‍ വിശ്വസിക്കുന്നതും അഭ്യസിക്കുന്നതും. ജീവൻ നിലനില്‍ക്കുന്ന ഒരേയൊരിടം ഈ നിമിഷമാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്‍റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മ്മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാൻ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണുവാൻ ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. നന്ദി", ശില്‍പ ഷെട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

പ്രിയദർശനാണ് ഹം​ഗാമ 2 സംവിധാനം ചെയ്യുന്നത്. പ്രിയദർശന്റെ തന്നെ സംവിധാനത്തിൽ 94 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രം മിന്നാരത്തിന്റെ റീമേയ്ക്ക് ആണ് ഹം​ഗാമ 2. ശിൽപയ്ക്ക് പുറമേ പരേഷ് റാവൽ, മീസാൻ ജഫ്രി, പ്രണിത സുഭാഷ്, അശുതോഷ് റാണ തുടങ്ങിയവരാണ് ഹം​ഗാമ 2ലെ അഭിനേതാക്കൾ. ഡിസ്നി ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.

Content Highlights : Shilpa Shetty urges fans to watch Hungama 2 as Raj Kundra gets sent to jail, says film shouldn’t suffer