നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലായതിനെ തുടർന്നുണ്ടായ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ബോളിവുഡ് താരം ശിൽപ ഷെട്ടി. ആദ്യമായാണ് താരം ഈ വിഷയത്തിൽ പ്രതികരണം അറിയിക്കുന്നത്. വെല്ലുവിളി നിറഞ്ഞ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നവയിൽ പലതും സത്യമല്ലെന്നും ശിൽപ പറയുന്നു. മാധ്യമ വിചാരണ തങ്ങൾക്ക് ആവശ്യമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ശിൽപയുടെ കുറിപ്പിൽ വ്യക്തമാക്കുന്നു.

ശിൽപ ഷെട്ടിയുടെ പ്രസ്താവനയുടെ പൂർണരൂപം

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ വെല്ലുവിളികളുടേതായിരുന്നു. എല്ലാ അർഥത്തിലും. ധാരാളം അഭ്യൂഹങ്ങളും ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങളും അഭ്യുദയകാംക്ഷികളും എന്നെ അനാവശ്യമായി അധിക്ഷേപിച്ചു. എനിക്കും എന്റെ കുടുംബത്തിനും നേരെ ഒരുപാട് ചോദ്യങ്ങളും ട്രോളുകളും ഉയർന്നു. ഇതിൽ എന്റെ നിലപാട് ഞാനിത് വരെ വ്യക്തമാക്കിയിരുന്നില്ല.

ഇനിയും അത് ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കും, കാരണം ഇത് നിയമത്തിന്റെ പരിധിയിൽ വരുന്നതാണ്, അതിനാൽ ദയവായി എന്റെ പേരിൽ തെറ്റായ വാർത്തകൾ നൽകുന്നത് നിർത്തുക. ഒരു സെലിബ്രിറ്റി എന്ന നിലയിൽ "ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്" എന്ന എന്റെ തത്വശാസ്ത്രം ആവർത്തിക്കുന്നു. എനിക്ക് പറയാനുള്ളത്, ഇതിപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണമായതിനാൽ, എനിക്ക് മുംബൈ പോലീസിലും ഇന്ത്യൻ നിയമവ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ട്.

ഒരു കുടുംബമെന്ന നിലയിൽ, ലഭ്യമായ നിയമപരമായ എല്ലാ പരിഹാരങ്ങളും ഞങ്ങൾ തേടുന്നുണ്ട്. പക്ഷേ, അതുവരെ ഞാൻ നിങ്ങളോട് വിനീതമായി അഭ്യർഥിക്കുകയാണ്, പ്രത്യേകിച്ച് ഒരു അമ്മയെന്ന നിലയിൽ, എന്റെ കുട്ടികൾക്കുവേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വാർത്തകളുടെ സത്യസന്ധത പരിശോധിക്കാതെ അഭിപ്രായം പറയരുതെന്നും അഭ്യർത്ഥിക്കുന്നു.

നിയമം അനുസരിക്കുന്ന ഒരു ഇന്ത്യൻ പൗരനും കഴിഞ്ഞ 29 വർഷമായി സിനിമയിലുള്ള ആളുമാണ് ഞാൻ. എന്നിലുള്ള നിങ്ങളുടെ വിശ്വാസം ഞാൻ ഒരിക്കലും തകർക്കില്ല. അതുകൊണ്ടു തന്നെ എന്നെയും എൻറെ കുടുംബത്തിന്റെയും സ്വകാര്യതയെ നിങ്ങൾ ബഹുമാനിക്കണം. ഞങ്ങളെ മാധ്യമങ്ങൾ വിചാരണ ചെയ്യേണ്ട ആവശ്യമില്ല, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സത്യമേവ ജയതേ

content highlights : shilpa shetty issues statement on raj kundra pornography case says dont deserve media trial