വിമാനക്കമ്പനിയിലെ ജീവനക്കാരുടെ വർണവെറിക്കെതിരേ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ഒരു ജീവനക്കാരിയുടെ പെരുമാറ്റത്തിനെതിരേയാണ് ഇൻസ്റ്റഗ്രാമിലൂടെയുള്ള ശിൽപയുടെ രോഷപ്രകടനം. തൊലിയുടെ നിറം കാരണം വിമാനത്താവളത്തിലെ കൗണ്ടറിലെ ഒരു ജീവനക്കാരി തന്നോട് മോശമായി പെരുമാറി എന്നായിരുന്നു രൂക്ഷമായ ഭാഷയിലുള്ള ശിൽപയുടെ പരാതി.

സിഡ്നിയിൽ നിന്ന് മെൽബണിലേയ്ക്കുളള യാത്രയ്ക്കിടയിലാണ് തനിക്ക് മോശമായ അനുഭവം ഉണ്ടായതെന്ന് ശിൽപ പറയുന്നു.

"ക്ലിയറൻസ് കൗണ്ടറിൽ വച്ച് മെൽ എന്ന സ്ത്രീയാണ് മോശമായി പെരുമാറിയത്. വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് അധികം സംസാരിക്കേണ്ട എന്ന നിലപാടിലായിരുന്നു അവർ. ബിസിനസ് ക്ലാസിലായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ അനുവദനീയമായ രണ്ട് ബാഗുകൾ മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നത്. എന്നാൽ, പകുതി മാത്രം സാധനങ്ങൾ വച്ച എന്റെ ഒരു ബാഗിന് ഭാരക്കൂടുതലുണ്ടെന്നും അതുകൊണ്ട് മറ്റൊരു കൗണ്ടറിൽ പരിശോധന നടത്തണമെന്നു അവർ ശഠിച്ചു. എന്നാൽ, ഭാരക്കൂടുതലുള്ള ലഗ്ഗേജ് പരിശോധിക്കേണ്ട കൗണ്ടറിലെ സ്ത്രീ വളരെ മാന്യമായാണ് എന്നോട് പെരുമാറിയത്. എന്റെ ബാഗിന് ഭാരക്കൂടുതലില്ലെന്ന് അവർ പറഞ്ഞു. ഞാൻ വീണ്ടും പഴയ കൗണ്ടറിലേയ്ക്ക് പോയി. എന്നാൽ, അവർ വീണ്ടും പരിശോധിക്കാൻ കൂട്ടാക്കിയില്ല. കൗണ്ടർ അടയ്ക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ഞാൻ അങ്ങനെ ഒരു കൗണ്ടറിൽ നിന്ന് മറ്റൊരു കൗണ്ടറിലേയ്ക്ക് ഒാടുകയായിരുന്നു ഞാൻ. ധിക്കാരിയായ മെല്ലിന് എന്നോട് എന്തോ പ്രശ്നമുള്ളതായാണ് എനിക്ക് തോന്നിയത്. ഇൗ വിഷയം  ക്വാണ്ടാസിന്റെ ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് ഞാൻ ഇത്രയും കുറിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജീവനക്കാരെ മാന്യമായി പെരുമാറാൻ പഠിപ്പിക്കണം. തൊലിയുടെ നിറത്തിനനുസരിച്ച് മാറാനുള്ളതല്ല പരിഗണന. ഞങ്ങൾ ഇങ്ങനെ തള്ളിവീഴ്ത്തേണ്ടവരല്ല, മാത്രവുമല്ല, ഇത്തരം അഹന്ത വച്ചുപൊറുപ്പിക്കുകയുമില്ല. ഇനി നിങ്ങൾ പറയൂ ഈ ചിത്രത്തിലുള്ള ബാഗ് അമിത ഭാരമുള്ളതാണോ?"-ശിൽപ വിമാനത്താവളത്തിൽ ബാഗുമായി ഇരിക്കുന്നതിന്റെ ചിത്രം സഹിതം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഇതാദ്യമായല്ല ഇന്ത്യൻ സെലിബ്രിറ്റികൾക്ക് വിദേശമണ്ണിൽ വച്ച് ഇത്തരത്തിൽ തൊലിയുടെ നിറത്തിന്റെ പേരിൽ മോശം അനുഭവമുണ്ടാകുന്നത്. ഹോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ച പ്രിയങ്ക ചോപ്രയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ബോളിവുഡ് തരം റിച്ച ചദ്ദ ഇയ്യിടെയാണ് ജോർജിയയിലെ ഒരു വിമാനത്താവളത്തിൽ വച്ച് ഇതുപോലെ മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന വിവരം പുറത്തുപറഞ്ഞത്.

shilpa shetty

Content Highlights: Shilpa Shetty alleges racism at Sydney airport Qantas Airways Bollywood Actress