കോവിഡ് പ്രതിസന്ധിയില്‍ കഷ്ടപ്പെടുന്ന തമിഴ്‌സിനിമയിലെ തൊഴിലാളികളെ സഹായിക്കാന്‍ മണിരത്‌നം ഒരുക്കുന്ന നവരസ ആന്തോളജി വെബ്‌സീരീസിലെ അഭിനന്ദിച്ച് നിര്‍മാതാവ് ഷിബു ജി സുശീലന്‍. മലയാളത്തിലെ സിനിമാതൊഴിലാളികളെ സഹായിക്കാന്‍ സമാനമായ ഒരു ആശയം താന്‍ പറഞ്ഞപ്പോള്‍ പലരും പുച്ഛിച്ചു തള്ളിയെന്ന് ഷിബു ജി സുശീലന്‍ പറയുന്നു.

ഷിബു ജി സുശീലന്റെ കുറപ്പ്

മലയാള സിനിമതൊഴിലാളികള്‍ക്ക് സഹായത്തിനുവേണ്ടി ഒരു സിനിമയുടെ ആശയം ഞാന്‍ പറഞ്ഞപ്പോള്‍ പുച്ഛവും ..പ്രാക്ടിക്കല്‍ ബുദ്ധിമുട്ടും..

കൊറോണ കാലത്തു തമിഴ് സിനിമ തൊഴിലാളികളെ ജീവിക്കാന്‍ സഹായിക്കാന്‍ വേണ്ടി  എല്ലാവരെയും സഹകരിപ്പിച്ചു(പ്രതിഫലം ഇല്ലാതെ) കൊണ്ട് സിനിമ നവരസ യഥാര്‍ഥ്യമാക്കിയ മണിരത്‌നം സാറിനും ജയേന്ദ്രപഞ്ചകേശ് സാറിനും.. അതിനു വേണ്ടി സഹകരിച്ച ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും ഒരായിരം അഭിനന്ദനങ്ങള്‍..

കൂടാതെ ഈ തമിഴ് സിനിമയില്‍ ഫ്രീ ആയി അഭിനയിച്ച മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്കും നന്ദി അറിയിക്കുന്നു. ചെന്നൈ തൊഴിലാളി യൂണിയന്‍ കാര്‍ഡ് ഉള്ളത് കൊണ്ട്  എനിക്കും ഈ സിനിമയില്‍ നിന്ന് ഒരു സഹായം കിട്ടും.. നമ്മള്‍ എന്നാണ് ഇതൊക്കെ കണ്ടുപഠിക്കുക...

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. 

പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി,  ബിജോയ് നമ്പ്യാര്‍, അരവിന്ദ് സ്വാമി, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത് എന്നിവരാണ് ഒമ്പത് കഥകള്‍ ഒരുക്കിയത്.

സൂര്യ, സിദ്ധാര്‍ഥ്, രേവതി, പാര്‍വതി, പ്രയാഗാ മാര്‍ട്ടിന്‍, ഷംന കാസിം, നിത്യ മേനോന്‍, പ്രകാശ് രാജ്, വിജയ് സേതുപതി, യോഗി ബാബു, അതിഥി ബാലന്‍, പ്രസന്ന, ബോബി സിന്‍ഹ, അശോക് സെല്‍വന്‍, അരവിന്ദ് സ്വാമി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ അടിസ്ഥാനമാക്കിയാണ് നവരസ ഒരുങ്ങിയിരിക്കുന്നത്. മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ്ടിക്കറ്റിന്റെ ബാനറില്‍  എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും  പങ്കാളികള്‍ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു.

'ഈ മഹാമാരിക്കാലം ഏറ്റവും കൂടുതല്‍ ബാധിച്ചത് തങ്ങളുടെ മേഖലയെ ആണെന്ന് മനസ്സിലാക്കി, ഞങ്ങളുടെ സ്വന്തം ആളുകള്‍ക്കായി എന്തെങ്കിലും ചെയ്യാനുള്ള ശക്തമായ ആഗ്രഹം ഞങ്ങള്‍ക്ക് അനുഭവപ്പെട്ടു.

തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചത്. ഈ ആശയം ഉപയോഗിച്ച് ഞങ്ങള്‍ സിനിമയിലെ സംവിധായകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ സമീപിച്ചു. എല്ലാവരില്‍ നിന്നും അനുകൂലമായ മറുപടിയായിരുന്നു  പ്രതികരണം. വിവിധ ടീമുകള്‍ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും സുരക്ഷിതമായ നടപടികള്‍ സ്വീകരിച്ച് ഒമ്പത് സിനിമകള്‍ പൂര്‍ത്തിയായി. ഇന്ന് നവരസ ലോകം കാണാന്‍ തയ്യാറാണ്. 190-ലധികം രാജ്യങ്ങളിലെ ആളുകള്‍ ഒരു സിനിമ വ്യവസായം അതിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച ഈ സിനിമ കാണും. പകര്‍ച്ചവ്യാധിയെ മറികടക്കാന്‍ ഈ ചിത്രത്തില്‍ നിന്നുള്ള വരുമാനം ഞങ്ങളുടെ 12000 സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കും.

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. 

Content Highlights: Shibu G Suseelan about Navarasa web series, Covid 19 crisis support