മയക്കുമരുന്ന് കേസിൽ നടൻ ഷാരൂഖ് ഖാന്റെ  മകൻ ആര്യൻ ഖാൻ ‌അറസ്റ്റിലായത് ബോളിവുഡിനെയൊന്നാകെ ഞെട്ടിച്ചിരുന്നു. അറസ്റ്റിന് പിന്നാലെ   ആര്യനെ പിന്തുണച്ചും എതിർത്തും ഒട്ടേറെ പേർ രംഗത്ത് എത്തി. ഈയവസരത്തിൽ മുമ്പ് ഷാരൂഖിന്റെ വീട്ടിൽ വച്ച് നടത്തിയ പാർട്ടിയിൽ താൻ കണ്ട കാര്യങ്ങളെക്കുറിച്ച് വിവരിച്ച് നടി ഷെർലിൻ ചോപ്ര പങ്കുവച്ച വീഡിയോ ആണ് വൈറലായി മാറുന്നത്. 

സുശാന്ത് സിംഗ് രാജ്‍പുത് അന്തരിച്ചപ്പോൾ മയക്കുമരുന്ന് കേസിൽ ചില താരങ്ങൾ അറസ്റ്റിലായിരുന്നു. അതിന് പിന്നാലെയാണ് ഷെർലിൻ ഷാരൂഖിന്റെ വീട്ടിൽ വച്ച് നടന്ന പാർട്ടിയിലെ അനുഭവങ്ങൾ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ഇതേ അഭിമുഖം ആര്യൻ അറസ്റ്റിലായ സാഹചര്യത്തിൽ ഷെർലിൻ വീണ്ടും പങ്കുവെച്ചിരിക്കുകയാണ്.

ഷാരൂഖിന്റെ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പാർട്ടിക്കിടയിൽ  നടന്ന കാര്യങ്ങളെക്കുറിച്ചാണ് ഷെർലിന്റെ വെളിപ്പെടുത്തൽ. 

"കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രോഗ്രാമിൽ ഡാൻസ് ചെയ്ത് തളർന്നതിനാൽ വാഷ്‍റൂമിൽ പോയതായിരുന്നു.  വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. ഞാൻ തെറ്റായ സ്ഥലത്താണോ വന്ന് പെട്ടത് എന്ന് വരെ തോന്നി. താരങ്ങളുടെ ഭാര്യമാർ കണ്ണാടിയുടെ മുന്നിൽ നിന്ന് ഒരു വെള്ള പൗഡർ എടുക്കുകയായിരുന്നു. നമ്മൾ സാധാരണയായി പറയുന്ന കൊക്കെയ്‍ൻ ആയിരുന്നു അത്. 

അത്തരമൊരു രം​ഗം കണ്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി. അവിടെ എല്ലാവരും അവരുടേതായ ലോകത്ത് ആസ്വദിക്കുകയായിരുന്നു. ഞാൻ എല്ലാവരിൽ നിന്നും മാറി നിന്നു. പിന്നീട് ഷാരൂഖിനെയും സുഹൃത്തുക്കളെയും കണ്ട് ഞാന്‍ അവിടെ നിന്ന് ഇറങ്ങി. ബോളിവുഡിലെ പാർട്ടികളിൽ എന്താണ് നടക്കുന്നതെന്ന് അതോടെ എനിക്ക് മനസിലായി..." ഷെർലിൻ വീഡിയോയിൽ പറയുന്നു. 

ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഇതുവരെ 16 പേരാണ് അറസ്റ്റിലായത്. കേസിൽ ആദ്യം അറസ്റ്റിലായ ആര്യൻ ഖാൻ, അർബാസ് മർച്ചന്റ്, മുൺമുൺ ധമേച്ച തുടങ്ങിയവരെ ഒക്ടോബർ ഏഴ് വരെ എൻ.സി.ബി.യുടെ കസ്റ്റഡിയിൽ വിട്ടിരുന്നു. 

Content highlights : Sherlyn Chopra Recalls incidents from party hosted by Shah Rukh Khan, Aryan Khan arrest, drug case