കൊച്ചി : രണ്ട്‌ ത്രിമാന സ്‌ക്രീനുകളുൾപ്പെടെ അഞ്ച് സ്‌ക്രീനുകളുമായി ഷേണായീസ് വെള്ളിയാഴ്ച മിഴിതുറക്കും. ഉച്ചയ്ക്ക് 12.05-നാണ് ആദ്യ ഷോ. നാലു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ്‌ നവീകരിച്ച ഷേണായീസ് തുറക്കുന്നത്.

വളഞ്ഞുപുളഞ്ഞ്‌ ബാൽക്കണിയിലേക്കു കയറിപ്പോകുന്ന വഴിയും പഴയ ലിറ്റിൽ ഷേണായീസും ഇനിയില്ല. ലിറ്റിൽ ഷേണായീസ് ‘സ്‌ക്രീൻ 05’ ആയി. പക്ഷേ, ഷേണായീസിന്റെ ‘വ്യക്തിത്വം’ ആയ വൃത്താകൃതിയിലുള്ള രൂപത്തിനു മാറ്റമില്ല.

ആദ്യ ദിനത്തിൽ സാജൻ ബേക്കറി, ഓപ്പറേഷൻ ജാവ, യുവം എന്നീ സിനിമകളാണ് തിരശ്ശീലയിൽ തെളിയുക. ഒന്നാം സ്‌ക്രീൻ ‘റിക്ലെയ്‌നർ’ സോഫ ഇരിപ്പിടമുള്ളതാണ്. ‘ഡോൾബി അറ്റ്‌മോസ്’ ശബ്ദവിന്യാസമാണ് ഇവിടെ. അഞ്ചു സ്‌ക്രീനും ‘4K’ പ്രൊജക്ഷനുള്ളതാണ്‌. ഒന്നാമത്തേതൊഴികെ ബാക്കി നാലിലും ‘7.1 ഡോൾബി സൗണ്ട് സിസ്റ്റ’വുമാണ്. ഒന്നും മൂന്നും സ്‌ക്രീനുകളിൽ ത്രീഡി സിനിമകളും പ്രദർശിപ്പിക്കാം.

‌68 സീറ്റുകൾ മാത്രമുള്ള ഒന്നാം സ്‌ക്രീൻ പ്രീമിയം തിയേറ്ററിൽ ടിക്കറ്റിനു 440 രൂപയാണ്. ഏറ്റവും വലിയ തിയേറ്റർ 268 സീറ്റുകളുള്ള സ്‌ക്രീൻ മൂന്നാണ്. സ്‌ക്രീൻ നാലിൽ 71 സീറ്റുകളാണുള്ളത്.

“ചില സിനിമകൾക്ക്‌ ആദ്യ രണ്ടോ മൂന്നോ ആഴ്ചകൾ കഴിഞ്ഞാൽ ആളു കുറയും. അപ്പോൾ ഈ തിേയറ്ററിലേക്കു മാറ്റാം എന്ന ആശയത്തിലാണ് നിർമിച്ചിരിക്കുന്നതെ”ന്ന്‌ ഷേണായീസ് മാനേജിങ് പാർട്‌ണർ സുരേഷ് ഷേണായ് പറഞ്ഞു. ഒരേസമയം 75-80 കാറുകൾക്കും 250-300 ഇരുചക്രവാഹനങ്ങൾക്കും പാർക്ക്‌ ചെയ്യാനുള്ള സൗകര്യവും റേസ്റ്റാറന്റ്-കഫേ സംവിധാനവുമുണ്ട്.

Content Highlights: Shenoys Theater complex will reopen Sajans Bakery Yuvam Operation Java Release