ഇതുവരെ ദേശീയ ചലച്ചിത്ര പുരസ്‌കാരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും തന്റെ ഏറ്റവും പുതിയ ചിത്രമായ സീറോയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിക്കാനനുമതി നല്‍കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോട് പ്രത്യേക കൃതജ്ഞതയുണ്ടെന്ന് ബോളിവുഡിന്റെ സ്വന്തം കിങ്ങ് ഷാരൂഖ് ഖാന്‍. കൊല്‍ക്കത്തയില്‍ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'എഴുപതോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. നിരവധി ഫിലിം ഫെസ്റ്റിവലുകളിലും പങ്കെടുത്തിട്ടുണ്ട്‌. എന്നാല്‍ ഡാന്‍സ് പെര്‍ഫോമന്‍സുകള്‍ക്കോ അതിഥികളെ വെല്‍ക്കം ചെയ്തു സംസാരിക്കുന്നതിനോ ആണ് എന്നെ പതിവായി ക്ഷണിക്കാറുള്ളത്. ഞാന്‍ ബുദ്ധിമാനുമല്ല, സ്മാര്‍ട്ടുമല്ല. അതു കൊണ്ടു തന്നെ ബുദ്ധിശാലികള്‍ ചെയ്യുന്നതൊന്നും എനിക്ക് ചെയ്യേണ്ടി വന്നിട്ടില്ല.'  ഷാരൂഖ് പറഞ്ഞു. മുഖ്യമന്ത്രി അതീവ ബുദ്ധിമതി തന്നെ. അമിതാഭ് ബച്ചനും താനും ഈ വേദിയില്‍ ക്ഷണിക്കപ്പെട്ടെത്തിയവരാണ്. ആളുകളോട് ഫോര്‍മലായി സംസാരിക്കുന്ന ബുദ്ധിപരമായ ജോലിക്ക് ബച്ചനെയും ഫലിതങ്ങള്‍ പറഞ്ഞു കൊണ്ട് കാണികളെ കൈയിലെടുക്കുന്നതിന് എന്നെയും ചുമതലപ്പെടുത്തിയിരിക്കയാണ്. പതിവു പോലെ ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് റൊമാന്റിക് ഹീറോയുടെ വാക്കുകള്‍.

പന്ത്രണ്ട് വര്‍ഷത്തോളമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടി ഐ പി എല്ലിലെത്തുന്ന കാരണം കൊല്‍ക്കത്തയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞതിനു ശേഷം താനിപ്പോള്‍ കൂടുതല്‍ സ്മാര്‍ട്ടും ബുദ്ധിശാലിയുമായി മാറിയെന്നും ഷാറൂഖ് ഖാന്‍ പറഞ്ഞു. ഇത്രയും വര്‍ഷങ്ങളായി താന്‍ ബംഗാളില്‍ വരുന്നതുകൊണ്ടും കൊല്‍ക്കത്തയിലുള്ള സിനിമയിലെ അതികായന്‍മാരുമായി സമയം ചെലവഴിക്കുന്നതു കൊണ്ടും ഇവിടം ഇപ്പോള്‍ നന്നായടുത്തറിയാം. 

മികച്ച റേറ്റിംഗോടു കൂടി ഒരു രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ തെരഞ്ഞെടുക്കപ്പെടുന്ന കാലം വരും. ഷാരൂഖ് വികാരഭരിതനായി. 'എനിക്കിതു വരെ ഒരു ദേശീയ ചലച്ചിത്ര പുരസ്‌കാരമൊന്നും ലഭിച്ചില്ലെന്നതു തീര്‍ത്തും ദൗര്‍ഭാഗ്യകരമായ കാര്യമാണ്.' കെ ഐ എഫ് എഫിന്റെ ക്രിസറ്റല്‍ ട്രോഫി അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് ഷാരൂഖ് പറഞ്ഞു. 'കെ ഐ എഫ് എഫില്‍ നിന്നും ലഭിക്കുന്ന ഏക അവാര്‍ഡ് മമത എനിക്കു നല്‍കിയ ഈ സ്‌പെഷ്യല്‍ ക്രിസ്റ്റല്‍ അവാര്‍ഡാണ്. ' ഷാരൂഖ് പറഞ്ഞു.

തന്റെ സിനിമകളൊന്നും പ്രദര്‍ശിപ്പിച്ചിട്ടില്ലെങ്കിലും സീറോയുടെ ട്രെയിലര്‍ കെ ഐ എഫ് എഫിന്റെ വേദിയില്‍ പ്രദര്‍ശിപ്പിച്ചില്‍ ഏറെ സന്തോഷമുണ്ടെന്നും ഷാരൂഖ് പറഞ്ഞു.