സിനിമയ്ക്ക് അകത്തും പുറത്തും ഒരുപോലെ സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും സൽമാൻ ഖാനും. ഇരുവരും പല അവസരത്തിലും ഇക്കാര്യം തുറന്ന് പറയുകയും തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കേസിൽ കഴിഞ്ഞ ദിവസം ആര്യൻ ഖാൻ അറസ്റ്റിലായ സമയത്ത് ഷാരൂഖിനെയും കുടുംബത്തെയും ആശ്വസിപ്പിക്കാൻ ആ​ദ്യം ഓടിയെത്തിയ താരവും സൽമാൻ ആയിരുന്നു. 

ഇപ്പോഴിതാ സൽമാന്റെ സൗഹൃദത്തെക്കുറിച്ച് ഷാരൂഖ് പറയുന്ന പഴയൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

2018ൽ സൽമാൻ അവതാരകനായെത്തിയ ദസ് കാ ദം എന്ന റിയാലിറ്റി ​ഷോയ്ക്കിടയിൽ നിന്നുള്ള വീഡിയോ ആണിത്. ഷാരൂഖും റാണി മുഖർജിയുമാണ് ഷോയിൽ അതിഥികളായെത്തിയത്. എപ്പോഴും കൂടെ നിൽക്കുന്ന ആരെങ്കിലുമുണ്ടോ എന്ന് ഷോയ്ക്കിടയിൽ സൽമാൻ ഷാരൂഖിനോട് ചോദിക്കുന്നുണ്ട്. ഇതിന് ഷാരൂഖ് നൽകിയ മറുപടിയാണ് വൈറലായി മാറുന്നത്. 

''ഞാൻ എപ്പോഴെങ്കിലും പ്രശ്നത്തിലായാൽ, ഏറ്റവും പ്രധാനമായി എൻറെ കുടുംബം പ്രശ്നത്തിലാണെങ്കിൽ,എനിക്കറിയാം സൽമാൻ നിങ്ങൾ അവിടെയുണ്ടാകും'' എന്നായിരുന്നു ഷാരൂഖിൻറെ മറുപടി. ഇതിന് ഉറപ്പായും എന്ന് സൽമാൻ പറയുന്നതും താരങ്ങൾ വികാരാധീനരായി കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം.  

ആ വാക്കുകൾ സത്യമാണെന്ന് സൽമാൻ തെളിയിച്ചു എന്ന അടിക്കുറിപ്പോടെയാണ് ആരാധകർ ഈ വീഡിയോ വീണ്ടും പങ്കുവയ്ക്കുന്നത്.
കരൺ അർജുൻ, ഹർ ദിൽ ജോ പ്യാർ കരേ​ഗാ, സീറോ, കുച്ച് കുച്ച് ഹോത്താ ഹെ, സം തുമാരേ ഹേൻ സനം തുടങ്ങിയ ചിത്രങ്ങളിൽ ഷാരൂഖും സൽമാനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ‌

content highlights : sharukh khan about salman khans friendship old video viral